ന്യൂഡല്‍ഹി: രാജ്യത്തെ ജിംനേഷ്യങ്ങള്‍ക്കും യോഗ സെന്ററുകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. കൊവിഡ് ലോക്ക്ഡൗണ്‍ മൂന്നാംഘട്ട തുറക്കലിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചുമുതല്‍ ഇവ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജിംനേഷ്യങ്ങള്‍ക്കും യോഗ സെന്ററുകള്‍ക്കും തുറക്കാന്‍ അനുമതിയില്ല. 65 വയസിനു മുകളിലുള്ളവര്‍, രോഗാവസ്ഥയിലുള്ളവര്‍, ഗര്‍ഭിണികള്‍, പത്തു വയസിനു താഴെയുള്ളവര്‍ എന്നിവര്‍ ഇവ ഉപയോഗിക്കരുത്. ആളുകള്‍ തമ്മില്‍ ചുരുങ്ങിയത് ആറടി അകലം പാലിക്കണം. മാസ്‌കും മുഖാവരണവും ധരിക്കല്‍ നിര്‍ബന്ധമാണ്.
കൂടുതല്‍ പേര്‍ ഒത്തുചേരുന്നത് ഒഴിവാക്കാന്‍ സമയം ക്രമീകരിക്കണം. അകത്തേക്കു കയറുമ്പോഴും പുറത്തേക്കിറങ്ങുമ്പോഴും തിരക്കുണ്ടാകുന്ന സാഹചര്യമൊഴിവാക്കണം. ഓരോ ബാച്ചിനും 15-30 മിനിറ്റ് ഇടവേള ഉണ്ടായിരിക്കണം. ഈ സമയത്ത് ഉപകരണങ്ങള്‍ ഉള്‍പ്പെടെ അണുനശീകരണം നടത്തണം. മാസ്‌ക് ധരിച്ച് വ്യായാമം ചെയ്യുമ്പോള്‍ ശ്വസന പ്രശ്‌നം അനുഭവപ്പെടുന്നവര്‍ മുഖമറ ധരിക്കണം.
കെട്ടിടത്തില്‍നിന്ന് പുറത്തേക്ക് പോകാനും അകത്തേക്ക് വരാനും പ്രത്യേക കവാടം വേണം. 95 ശതമാനത്തില്‍ താഴെ ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവലുള്ളവരെ വ്യായാമത്തിന് അനുവദിക്കരുത്. സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും കൈകള്‍ കഴുകുന്നതും നിര്‍ബന്ധമായും പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.