
മുംബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ സെഞ്ചുറിയുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച വിരാട് കോലിയെ അഭിനന്ദിച്ചുകൊണ്ടുള്ള എക്സ് പോസ്റ്റിന് താഴെ വിദ്വേഷ പരാമര്‍ശം നടത്തിയ ആരാധകന് വായടപ്പിക്കുന്ന മറുപടിയുമായി കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ജാവേദ് അക്തര്‍. പാകിസ്ഥാനെതിരായ വിരാട് കോലിയുടെ സെഞ്ചുറി നേട്ടത്തെ അഭിനന്ദിച്ച് ‘വിരാട് കോലി സിന്ദാബാദ്, നിന്നെ ഓര്‍ത്ത് ഞങ്ങളെല്ലാം ഒരുപാട് ഒരുപാട് അഭിമാനിക്കുന്നു’ എന്നായിരുന്നു ജാവേദ് അക്തര്‍ എക്സ് പോസ്റ്റില്‍ കുറിച്ചത്.
അക്തറിന്‍റെ പോസ്റ്റിന് താഴെ ഒരു ആരാധകന്‍ കുറിച്ചത്, ഇന്ന് സൂര്യനെവിടെയാണ് ഉദിച്ചത്, ഉള്ളില്‍ നല്ല വിഷമം ഉണ്ടല്ലെ എന്നായിരുന്നു. എന്നാല്‍ ഇതിന് വായടപ്പിക്കുന്ന മറുപടിയായിരുന്നു അക്തര്‍ നല്‍കിയത്. മോനെ, നിന്‍റെ അച്ഛനും മുത്തച്ഛനുമൊക്കെ ബ്രിട്ടീഷുകാരുടെ ഷൂ നക്കുന്ന കാലത്ത് എന്‍റെ പൂര്‍വികര്‍ സ്വാതന്ത്ര്യത്തിനായി പോരാടി കാലാപാനി ജയിലിലായിരുന്നു. എന്‍റെ ഞരമ്പുകളില്‍ ഓടുന്നത് ദേശസ്നേഹത്തിന്‍റെ രക്തമാണ്. എന്നാല്‍ നിങ്ങളുടെ ഞരമ്പുകളില്‍ ബ്രിട്ടീഷുകാര്‍ക്ക് അടിമപ്പണിചെയ്തവരുടെയും, അതിലെ വ്യത്യാസം കാണാതിരിക്കരുത് എന്നായിരുന്നു അക്തര്‍ കുറിച്ചത്.
ജാവേദ് അക്തറുടെ മറുപടിക്ക് താഴെ നിരവധിപേരാണ് പിന്തുണയുമായി എത്തിയത്. അക്തറിന്‍റെ പോസ്റ്റിന് താഴെ മറുപടിയുമായി എത്തിയ മറ്റൊരു ആരാധകന്‍ കുറിച്ചത് ജാവേദ്, ബാബറിന്‍റെ അച്ഛനാണ് കോലി, ജയ് ശ്രീരാം പറയൂ എന്നായിരുന്നു. ഇതിനും ജാവേദ് അക്തര്‍ മറുപടി നല്‍കി. നിന്നോട് എനിക്ക് പറയാനുള്ളത്, നീയൊരു നികൃഷ്ട ജീവിയാണെന്നാണ്, നികൃഷ്ട ജീവിയായി തന്നെ നീ മരിക്കുകയും ചെയ്യും, ദേശസ്നേഹം എന്താണെന്ന് നിനക്കറിയാന്‍ വഴിയില്ലല്ലോ എന്നും ജാവേദ് അക്തര്‍ മറുപടി നല്‍കി.
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ അപരാജിത സെഞ്ചുറിയുമായി വിജയത്തിലെത്തിച്ചത് വിരാട് കോലിയായിരുന്നു. കോലി 111 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്നു. ബൗണ്ടറി അടിച്ചാണ് കോലി വിജയറണ്ണും സെഞ്ചുറിയും പൂര്‍ത്തിയാക്കിയത്. കോലിയുടെ ഏകദിന കരിയറിലെ 51-ാം സെഞ്ചുറിയാണിത്.