എരുമേലി: ജെസ്ന തിരോധാനക്കേസ് മൂന്നു വര്‍ഷത്തോട് അടുക്കുമ്പോഴും ഒരു തുമ്പുമില്ലാതെ ഇന്നും മുന്നോട്ടു പോകുകയാണ്. കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ജെസ്നയുടെ കുടുംബം. ജെസ്നയെ തട്ടിക്കൊണ്ടു പോയതാണെന്നും അവള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നുമുള്ള പ്രതീക്ഷയിലാണ് കുടുംബമെന്നു സഹോദരി ജിഫി ജയിംസ് പറയുന്നു.
ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ജെഫി ഇക്കാര്യം പറഞ്ഞത്. പിതൃ സഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് കൊല്ലമുളയില്‍ നിന്ന് പുറപ്പെട്ട് എരുമേലി ബസില്‍ കയറിയ ജെസ്ന പിന്നീട് മുണ്ടക്കയത്തേക്കുള്ള ഒരു ബസില്‍ കയറിയതായാണ് വിവരം. മൊബൈല്‍ ഫോണ്‍ പോലും എടുക്കാതെയാണ് പെണ്‍കുട്ടി വീട് വിട്ടത്. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ മോശം അനുഭവമാണുണ്ടായതെന്നും ജെസ്നയുടെ കുടുംബം പറഞ്ഞിരുന്നു.
പെണ്‍കുട്ടി ആരുടെയെങ്കിലും കൂടെ പോയിരിക്കുമെന്നും കുറച്ചു ദിവസം കഴിയുമ്പോള്‍ തിരിച്ചു വരുമെന്നുമായിരുന്നു പോലീസിന്റെ മറുപടിയെന്ന് ജെഫി പറയുന്നു. ഇതിനിടെ ജെസ്ന തിരോധാനക്കേസുമായി ബനധപ്പെട്ട് സിബിഐ സമര്‍പ്പിച്ച എഫ്ഐആര്‍ കോടതി കഴിഞ്ഞയാഴ്ച അംഗീകരിച്ചിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാരന്‍ നായര്‍ സമര്‍പ്പിച്ച എഫ്ഐആര്‍ അംഗീകരിച്ചത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി മുന്‍ പത്തനംതിട്ട എസ്പി കെ.ജി സൈമണ്‍ അടക്കമുള്ളവരുടെ മൊഴി സിബിഐ എടുക്കും. ജെസ്നയെ കണ്ടെത്തുന്നതിന് തൊട്ടടുത്തു വരെയെത്തിയെന്ന് സൈമണ്‍ വെളിപ്പെടുത്തിയിരുന്നു.
സൈമണ്‍ വിരമിച്ചതിന ശേഷമാണ് കേസ് അന്വേഷണം സിബിഐയുടെ കൈയ്യിലെത്തുന്നത്. ഇതിനിടെ ജെസ്ന മംഗലാപുരത്തെ മതപഠന കേന്ദ്രത്തിലുണ്ടെന്നും പെണ്‍കുട്ടി നിര്‍ബന്ധിത മതംമാറ്റത്തിനിരയായെന്നുമടക്കമുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ കാണാതാകുന്നത്.