ഉണരാതെ സ്ലിം! ശ്രമം തുടർന്ന് ജപ്പാൻ, ഉറ്റുനോക്കി ശാസ്ത്രലോകം
ടോക്യോ:സ്‌മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂണുമായി (സ്ലിം) (Smart Lander for Investigating Moon) ബന്ധം പുനഃസ്ഥാപിക്കാനുള്ള അശ്രാന്തപരിശ്രമത്തിലാണ് ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി (ജാക്‌സ) (Japan Aerospace Exploration Agency). ബഹിരാകാശ പേടകത്തിന്റെ ഓറിയന്റേഷനും സോളാർ പാനലും വെല്ലുവിളികൾ ഉയർത്തുന്നുണ്ടെങ്കിലും, ചന്ദ്രന്റെ ഉപരിതലത്തിലെ അവസ്ഥ ക്രമേണ മെച്ചപ്പെടുമ്പോൾ ബന്ധം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജാക്സ (JAXA).
ജനുവരി 20-ന് ഷിയോലി ഗര്‍ത്തത്തിന്റെ അരികില്‍ സ്ലിം വിജയകരമായി ലാന്‍ഡിംഗ് നടത്തി ചരിത്രം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ലാന്‍ഡറിന്റെ സോളാര്‍ സെല്ലുകള്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. ഇത് ബാറ്ററിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു ഇത് ദൗത്യത്തിന്റെ ദീര്‍ഘായുസ്സിനെക്കുറിച്ചുള്ള ആശങ്കകളിലേക്ക് നയിച്ചു.
ജാക്‌സയുടെ ബഹിരാകാശ നിലയം സ്ലിമ്മിനെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബാറ്ററിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പടിഞ്ഞാറോട്ട് അഭിമുഖമായിരിക്കുന്ന സോളാര്‍ പാനലിലാണ് പ്രതീക്ഷ. സോളാര്‍ ആംഗിള്‍ ഇപ്പോഴും അനുയോജ്യമല്ലെങ്കിലും, പുരോഗതിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നതുകൊണ്ട് ലാന്‍ഡറിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തിരിച്ചടികൾക്കിടയിലും, ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയാണ് ജാക്സ. ലാൻഡറിന്റെ ബാറ്ററി നില നിർണായകമായ 12 ശതമാനമായി കുറയുന്നതിന് മുമ്പ് തന്നെ അതിന്റെ ചാന്ദ്ര ദൗത്യത്തിൽ നിന്നുള്ള ധാരാളം ഡാറ്റയും ചിത്രങ്ങളും ഭൂമിയിലേക്ക് അയച്ചിരുന്നു. ശേഷം പുനരാരംഭിക്കുന്നതിനുള്ള ഊർജ്ജം സംരക്ഷിക്കാൻ പേടകത്തെ പവർഡൗൺ ചെയ്തുകൊണ്ട് ബാറ്ററി വിച്ഛേദിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിരുന്നു.
ഈ വിജയം ജപ്പാനെ അതിന്റെ നൂതനമായ സൂക്ഷ്മ സാങ്കേതികവിദ്യ പ്രദർശിപ്പിച്ചുകൊണ്ട് ചന്ദ്രനിൽ ബഹിരാകാശ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുന്ന അഞ്ചാമത്തെ രാജ്യമാക്കിമാറ്റി.
സോളാർ പാനലുകൾക്ക് പ്രകാശം നൽകുന്നരീതിയിൽ സൂര്യന്റെ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നതിനാൽ, ജെക്സ എഞ്ചിനീയർമാർ സ്ലിം വീണ്ടും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള സാധ്യതയ്ക്കായി തയ്യാറെടുക്കുകയാണ്. മൈനസ് 200 ഡിഗ്രി സെൽഷ്യസിലേക്ക് കുതിച്ചുയരുന്ന ചാന്ദ്ര രാത്രിയിലെ കൊടും തണുപ്പ് ഉൾപ്പെടെയുള്ള കഠിനമായ ചാന്ദ്ര അന്തരീക്ഷത്തെ ചെറുക്കുന്ന തരത്തിലാണ് ലാൻഡർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ലാൻഡറിന്റെ സോളാർ സെല്ലിന്റെ ദൗത്യത്തെക്കുറിച്ചും നിലയെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തുവിടാൻ ഈ ആഴ്‌ച അവസാനം ഒരു വാർത്താ സമ്മേളനം നടത്താൻ ജാക്സ പദ്ധതിയിടുന്നുണ്ട്. ചാന്ദ്ര രാത്രിയെ അതിജീവിച്ച് ഇനിയും പ്രവർത്തിക്കാൻ സ്ലിമ്മിന് കഴിഞ്ഞാൽ, ചന്ദ്രനിലെ ഗവേഷണങ്ങൾക്ക് മുന്നേറ്റമുണ്ടാകും.