CrimeKeralaNews

ജാനകിക്കാട് കൂട്ടബലാത്സംഗം; പെൺകുട്ടി മുമ്പും പീഡനത്തിനിരയായി,പുറത്തുവരുന്നത് ഞെട്ടിക്കുന്ന ക്രൂരതകള്‍

കോഴിക്കോട്:ഏകദേശം 113 ഹെക്ടർ വിസ്തീർണ്ണം വരും മരുതോങ്കര പഞ്ചായത്തിൽ കുറ്റ്യാടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ജനകിക്കാടിന്. 2008 ജനുവരിയിൽ അന്ന് വനം വകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വം ഇതിലെ എക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തതോടുകൂടി ജാനകിക്കാട് സഞ്ചാരികളുടെ പ്രധാന കേന്ദ്രവുമായി. കോളേജ് വിദ്യാർഥികളുടേയും പ്രണയിതാക്കളുടേയുമെല്ലാം ഇഷ്ടകേന്ദ്രം കൂടിയാണ് ഇവിടം. ജാനകിക്കാടിന്റെ ആരും കാണാത്ത പുറംപോക്കിലാണ് പ്രദേശത്തുകാരെ ഞെട്ടിച്ച കൂട്ടബലാത്സംഗം ഒക്ടോബർ മൂന്നിന് നടന്നത്.

പ്ലസ്ടു വിദ്യാർഥിനിയായ പെൺകുട്ടിയെ പ്രണയം നടിച്ച് കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ ആദ്യം നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ കുട്ടി അതിന് ശേഷവും പിഡിപ്പിക്കപ്പെട്ടെന്നും മാത്രമല്ല, രണ്ട് വർഷം മുമ്പും പീഡനം നടന്നിരുന്നെന്നുമുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന സംശയം തന്നെയാണ് പോലീസിനുമുള്ളത്. ഇതുവരെ അഞ്ചുപേരാണ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടത്. കാവിലുംപാറ സ്വദേശി അക്ഷയ്(22), മൊയിലോത്തറ സ്വദേശികളായ രാഹുൽ (22), സായൂജ് (24), അടുക്കത്ത് സ്വദേശി ഷിബു (32) എന്നിവരാണ് ആദ്യം അറസ്റ്റിലായതെങ്കിലും കുട്ടി വീണ്ടും പീഡിപ്പിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തലിൽ കുറ്റ്യാടി ആക്കൽ മാവിലപ്പാടി ഗുളിക്കൽപറമ്പത്ത് മെർവിനേയും (22) അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് മൂന്നാമത്തെ പീഡന വിവരവും പുറത്ത് വരുന്നത്.

ഒക്ടോബർ മൂന്നിനാണ് നാല് പേർ ചേർന്ന് ആദ്യം പെൺകുട്ടിയെ പുറംപോക്കുസ്ഥലത്തെത്തിച്ച് പീഡിപ്പിച്ചത്. പ്രതികളിൽ നിന്ന് ഭീഷണിയുണ്ടായതോടെ കുറെ ദിവസം പെൺകുട്ടി ആരോടും ഒന്നും പറഞ്ഞില്ലെങ്കിലും ഒടുവിൽ ആത്മഹത്യാശ്രമം നടത്തുകയും നാട്ടുകാർ പെൺകുട്ടിയെ പോലീസിലേൽപ്പിക്കുകയും ചെയ്തതോടെയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനവിവരം പുറത്തുവന്നത്. പെൺകുട്ടി വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ച് നാല് മണിക്കൂറിനിടയിൽ തന്നെ പ്രതികളെയെല്ലാം വലയിലാക്കാൻ കഴിഞ്ഞത് പോലീസിന് നേട്ടമായെങ്കിലും പോലീസ് പോലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളാണ് പിന്നീടുള്ള ദിവസങ്ങളിൽ ഉണ്ടായത്.

കുട്ടിയെ ചൈൽഡ് ലൈന്റെ സംരക്ഷണത്തിലാക്കിയ പിന്നാലെയാണ് ആദ്യം പീഡിപ്പിച്ചതിന് ശേഷവും ഇതേ പ്രതികളിലൊരാളായ രാഹുലും മെർവിനും കൂടി തന്നെ അതിന് ശേഷവും പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി പറയുന്നത്. ചൈൽഡ്ലൈൻ സംരക്ഷണത്തിൽ പെൺകുട്ടിക്ക് ഇപ്പോൾ കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടുന്നത് കൊണ്ടാവും കേസന്വേഷണം കൂടുതൽ എളുപ്പമാക്കുന്ന തരത്തിൽ കുട്ടിക്ക് ഇപ്പോൾ കാര്യങ്ങൾ പറയാനാവുന്നുണ്ടെന്ന് പോലീസ് പറയുന്നു. കൗൺസിലിങ് അടക്കം നൽകിയതോടെയാണ് രണ്ട് വർഷം മുമ്പും താൻ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തിയത്.

പ്രതികളിലൊരാളായ അടുക്കം സ്വദേശിയെ പിടിക്കാൻ പോലീസെത്തിയപ്പോൾ പട്ടികളെ അഴിച്ചുവിട്ടാണ് രക്ഷപ്പെടാൻ നോക്കിയത്. ഒടുവിൽ തൊട്ടിൽപ്പാലം പോലീസുകാരിൽ ഒരാൾക്ക് പട്ടിയുടെ കടിയേൽക്കുകയും ചെയ്തു. ആദ്യം കുറ്റ്യാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിലേക്കും പിന്നീട് പെരുവണ്ണാമൂഴി സ്റ്റേഷനിലേക്കും മാറി. നാദാപുരം അഡീഷണൽ എ.എസ്.പി പി. നിധിൻരാജാണ് കേസ് അന്വേഷിക്കുന്നത്. മൂന്ന് കേസുകൾ വന്നതോടെ തൊട്ടിൽപ്പാലം, കുറ്റ്യാടി, പെരുവണ്ണാമൂഴി, പേരാമ്പ്ര പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ കേസുകൾ നടക്കുന്നത്.

ഈ വർഷം എട്ട് മാസം പിന്നിടുമ്പോൾ മാത്രം 2177 പോക്സോ കേസുകളാണ് കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം 3019 കേസുകളായിരുന്നു. ഈ വർഷം ഒക്ടോബർ ആറ് വരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്താണ്. 296 കേസുകളാണ് മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സിറ്റി, റൂറൽ പരിധിയിൽ 266 കേസുകൾ രജിസ്റ്റർ ചെയ്ത് രണ്ടാം സ്ഥാനത്താണ്. കോഴിക്കോടാണ് മൂന്നാം സ്ഥാനത്തുള്ളത്. ഇവിടെ സിറ്റി, റൂറൽ പരിധിയിൽ 183 കേസുകളുണ്ട്.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പോക്സോ നിയമപ്രകാരം സംസ്ഥാനത്ത് രജിസ്റ്റർചെയ്യുന്ന കേസുകളിൽ മഹാഭൂരിഭാഗവും ശിക്ഷിക്കപ്പെടുന്നതായി ബാലാവകാശ സംരക്ഷണ കമ്മിഷന്റെ 2019-20ലെ വാർഷിക റിപ്പോർട്ട് പറയുന്നു. 2019-ൽ 1406 കേസുകൾ വിചാരണ ചെയ്തപ്പോൾ 1093 കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെട്ടു. 73.89 ശതമാനമാണ് ഇത്. 167 കേസുകൾ മാത്രമാണ് വെറുതെവിട്ടത്. മറ്റുവിധത്തിൽ തീർപ്പായത് 146 കേസുകളാണ്. പക്ഷെ ഇതര കേസുകളിലെപ്പോലെ പോക്സോ കേസിലും വിചാരണ വൈകുന്നതായി ബാലാവകാശ കമ്മിഷൻ പറയുന്നുണ്ട്. 2012-ൽ നിലവിൽ വന്ന ഈ നിയമപ്രകാരം ഇതുവരെ രജിസ്റ്റർചെയ്ത 8678 കേസുകളിൽ 7271 എണ്ണം തീർപ്പാകാതെ കിടക്കുന്നു -83.78 ശതമാനം.

പോക്സോ നിയമത്തിലെ 29, 30 ഉപവകുപ്പുകളാണ് മിക്ക കേസുകളിലും ശിക്ഷ ഉറപ്പാക്കാൻ സഹായിക്കുന്നതെന്ന് നിയമവിദഗ്ധർ പറയുന്നു. കുറ്റംചെയ്തില്ലെന്ന് സ്ഥാപിക്കേണ്ടത് 29-ാം വകുപ്പുപ്രകാരം പ്രതികളുടെ ബാധ്യതയാണ്. അതായത് പ്രതികളാക്കപ്പെട്ടവർ കുറ്റക്കാരാണെന്ന മുൻ ധാരണയിലാണ് വിചാരണ തുടങ്ങുന്നത്. മറ്റ് കേസുകളിൽ മറിച്ചാണ്. പ്രതികൾ നിരപരാധികളെന്ന മുൻ ധാരണയിലാണ് വിചാരണ നടക്കുക. മറിച്ച് തെളിയിക്കേണ്ടത് പ്രോസിക്യൂഷന്റെ ബാധ്യതയാണ്. 30-ാം വകുപ്പ് പ്രകാരം ഇര, അതായത് ലൈംഗിക പീഡനത്തിനിരയായ കുട്ടി കള്ളംപറയില്ലെന്ന മുൻ ധാരണയാണ്. ഇവിടെയും മറിച്ച് തെളിയിക്കേണ്ടത് പ്രതിയുടെ ബാധ്യതയാണ്.

കുട്ടികൾക്കെതിരായ മറ്റ് അതിക്രമ കേസുകളിൽ പാതിമാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂവെന്നത് പോക്സോ നിയമത്തിന്റെ ശക്തി വെളിവാക്കുന്നു. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം കേരളത്തിൽ 2020-ൽ തീർപ്പാക്കിയ, കുട്ടികൾക്കെതിരായ 1364 അതിക്രമ കേസുകളിൽ 53.3 ശതമാനത്തിൽ മാത്രമേ ശിക്ഷയുണ്ടായുള്ളൂ (ഇതിൽ പോക്സോ കേസുകളും ഉൾപ്പെടുന്നുണ്ടോ എന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോ വ്യക്തമാക്കിയിട്ടില്ല). ഇവിടെയും തീർപ്പാകാത്ത കേസുകൾ കുന്നുകൂടുകയാണ്. 17,829 കേസുകളിൽ 1364 എണ്ണം മാത്രമാണ് തീർപ്പാക്കിയത്.

2019-2020 ൽ വിവിധ ജില്ലകളിൽ ശിക്ഷിക്കപ്പെട്ട പോക്സോ കേസുകളുടെ വിവരങ്ങൾ ജില്ല തീർപ്പാക്കിയ കേസുകൾ ശിക്ഷിച്ചത് എന്ന കണക്കിൽ-

തിരുവനന്തപുരം-തീർപ്പാക്കിയത് 27 കേസുകൾ ശിക്ഷിക്കപ്പെട്ടത് 27 കേസുകൾ
കൊല്ലം- തീർപ്പാക്കിയത് 183 ശിക്ഷിക്കപ്പെട്ടത് 142 കേസുകൾ
പത്തനംതിട്ട-തീർപ്പാക്കിയത് 74 ശിക്ഷിക്കപ്പെട്ടത് 66 കേസുകൾ
ആലപ്പുഴ- തീർപ്പാക്കിയത 43 ശിക്ഷിക്കപ്പെട്ടത് 37 കേസുകൾ
കോട്ടയം-തീർപ്പാക്കിയത് 74 ശിക്ഷിക്കപ്പെട്ടത് 47 കേസുകൾ
ഇടുക്കി- തീർപ്പാക്കിയത് 33 ശിക്ഷിക്കപ്പെട്ടത് 19 കേസുകൾ
എറണാകുളം-തീർപ്പാക്കിയത് 181 ശിക്ഷിക്കപ്പെട്ടത് 146 കേസുകൾ
തൃശ്ശൂർ-തീർപ്പാക്കിയത് 32 ശിക്ഷിക്കപ്പെട്ടത് 12 കേസുകൾ
പാലക്കാട്-തീർപ്പാക്കിയത് 153 ശിക്ഷിക്കപ്പെട്ടത് 122കേസുകൾ
മലപ്പുറം-തീർപ്പാക്കിയത് 121 ശിക്ഷിക്കപ്പെട്ടത് 107 കേസുകൾ
കോഴിക്കോട് -തീർപ്പാക്കിയത് 222 ശിക്ഷിക്കപ്പെട്ടത് 174 കേസുകൾ
വയനാട്-തീർപ്പാക്കിയത് 110 ശിക്ഷിക്കപ്പെട്ടത് 99 കേസുകൾ
കണ്ണൂർ-തീർപ്പാക്കിയത് 76 കേസുകൾ 48 കേസുകൾ
കാസർകോട്-തീർപ്പാക്കിയത് 77 ശിക്ഷിക്കപ്പെട്ടത് 47 കേസുകൾ
ആകെ 1406 1093

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker