തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. വനിതാ തടവുകാര്‍ ജയില്‍ചാടിയ സംഭവം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.
ജയിലുകളില്‍ ജാമറുകള്‍ സ്ഥാപിക്കുമെന്നും ജയില്‍ അന്തരീക്ഷത്തിന് ചേരാത്ത പലതും നടക്കുന്നുണ്ടെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മോഷണക്കേസിലെയും ചെക്ക് തട്ടിപ്പ് കേസിലെയും പ്രതികളായ സന്ധ്യ,ശില്‍പ്പ എന്നിവരെയാണ് അട്ടക്കുളങ്ങര സബ് ജയിലില്‍ നിന്നും കാണാതായത്. വര്‍ക്കല സ്വദേശിനിയായ സന്ധ്യ മോഷണക്കേസിലെ പ്രതിയും പാങ്ങോട് സ്വദേശിനി ശില്‍പ്പ ചെക്ക് തട്ടിപ്പ് കേസിലെ പ്രതിയുമാണ്.
ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് ഇവരെ കാണാതായ വിവരം ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ജയില്‍ ഡിജിപി ഋഷിരാജ് സിങ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ ജയിലിലെത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡിനെയടക്കം ഉപയോഗിച്ചാണ് തിരച്ചില്‍ നടക്കുന്നത്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ നാല് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. കഞ്ചാവും രണ്ടായിരത്തി അഞ്ഞൂറ് രൂപയും കണ്ടെത്തി. കേസെടുത്ത് അന്വേഷിക്കാന്‍ ഡിജിപി ഋഷിരാജ് സിങ്ങ് നിര്‍ദേശം നല്‍കിയിരുന്നു. ഈ സംഭവത്തിന് പിന്നാലെ ജയിലില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു.