KeralaNews

ജല്ലിക്കെട്ട് കാളയെക്കൊണ്ട് ജീവനുള്ള കോഴിയെ തീറ്റിച്ചു; യൂട്യൂബർക്കെതിരെ കേസ്

ചെന്നൈ: ജല്ലിക്കെട്ട് കാളയെ ജീവനുള്ള കോഴിയെ തീറ്റിക്കുന്ന വീഡിയോ പുറത്തുവിട്ട യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പോലീസ്. സേലം ജില്ലയിലെ ചിന്നപ്പാംപട്ടിയിലാണ് സംഭവം. പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടിലുടനീളം സംഘടിപ്പിക്കുന്ന പരിപാടിയാണ് ജല്ലിക്കെട്ട്. ജെല്ലിക്കെട്ടിനായി ഒരുക്കുന്ന കാളയെ മത്സരത്തിന് മുന്നോടിയായി ജീവനുള്ളകോഴിയെ തീറ്റിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.

2.48 ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മൂന്നുപേര്‍ ചേര്‍ന്ന് കാളയെ ബലമായി പിടിച്ചുനിര്‍ത്തുന്നതും മറ്റൊരാള്‍ കോഴിയെ ജീവനോടെ പച്ച കാളയുടെ വായില്‍വെച്ച് ചവപ്പിക്കുന്നതുമാണുള്ളത്. യൂട്യൂബര്‍ രഘു എന്നയാളുടെ സോഷ്യല്‍മീഡിയാ അക്കൗണ്ടിലാണ് ദൃശ്യം പങ്കുവെച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

പീപ്പിള്‍ ഫോര്‍ ക്യാറ്റില്‍ എയിം ഇന്ത്യ (പി.എഫ്.സി.ഐ.) സ്ഥാപകനായ അരുണ്‍ പ്രസന്ന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൃഗങ്ങള്‍ക്കുമേലുള്ള ക്രൂരതകള്‍ തടയുന്ന ആക്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഫ്.ഐ.ആര്‍. ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും താരമംഗലം ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

തമിഴ്‌നാട്ടിലെ യുവാക്കളുടെ വീരവും ശൗര്യവും വെളിവാക്കുന്ന ജല്ലിക്കെട്ട് പണ്ടുകാലംമുതല്‍ തമിഴ്‌നാട്ടില്‍ സജീവമാണ്. പ്രത്യേകമായി ഒരുക്കിയിട്ടുള്ള പടനിലം പോലെയുള്ള സ്ഥലത്തേക്ക് കാളക്കൂറ്റനെ അഴിച്ചുവിടും. മുമ്പേതന്നെ അവിടെ കൂടിനില്‍ക്കുന്ന മത്സരാര്‍ത്ഥികള്‍ കാളയെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കും. മല്‍പ്രയോഗത്തിലൂടെ കാളയെ പിടിച്ചുനിര്‍ത്തുന്നവരായിരിക്കും ജെല്ലിക്കെട്ടിലെ വിജയി.

ജെല്ലിക്കെട്ടില്‍ കാള വിജയിച്ചാല്‍ അതിന്റെ ഉടമസ്ഥര്‍ക്കും സ്വര്‍ണനാണയങ്ങളടക്കം വലിയ സമ്മാനങ്ങള്‍ ലഭിക്കും. വില്‍ക്കുമ്പോള്‍ ഇവയ്ക്ക് വലിയ വില ലഭിക്കാറുണ്ട്. മാത്രമല്ല പ്രജനനത്തിനായി തിരഞ്ഞെടുക്കുന്ന സമയത്തും ജല്ലിക്കെട്ട് കാളകള്‍ക്ക് വലിയതോതില്‍ ആവശ്യക്കാരെത്തും. ഈ സാഹചര്യങ്ങളൊക്കെ മുന്നില്‍ക്കണ്ട് വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാളയെ നിര്‍ബന്ധിച്ച് കോഴിയിറച്ചി തീറ്റിച്ചതെന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നത്.

ജെല്ലിക്കെട്ടിന് താന്‍ എതിരല്ലെന്നും മറിച്ച് സസ്യാഹാരിയായ ഒരു മൃഗത്തെ നിര്‍ബന്ധപൂര്‍വം ജീവനുള്ള കോഴിയെ തീറ്റിച്ചത് ആ കാളയോടും കോഴിയോടും കാണിച്ച അങ്ങേയറ്റം ക്രൂരമായ പ്രവര്‍ത്തിയാണെന്ന് അരുണ്‍ പ്രസന്ന പറഞ്ഞു. നാളെയൊരു സമയത്ത് ജനങ്ങള്‍ ഇതും ഒരു ട്രെന്‍ഡായി ഏറ്റെടുക്കരുത് എന്നതുകൊണ്ടാണ് സംഭവത്തിനെതിരെ നിയമപരമായി നീങ്ങാനുള്ള തീരുമാനം എടുത്തതെന്നും അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker