NationalNews

വിദേശ വനിതയുടെ തുടയിൽ ജഗന്നാഥന്‍റെ ചിത്രം പച്ചകുത്തി; വ്യാപക പ്രതിഷേധം; ടാറ്റൂ ആർട്ടിസ്റ്റും പാർലർ ഉടമയും അറസ്റ്റില്‍

ഒഡീഷ: ദിനംപ്രതി ഇന്ത്യ സന്ദർശിക്കാൻ നിരവധി വിദേശികളാണ് വരുന്നത്. ഇവിടെത്തെ കാഴ്ചകൾ ആസ്വദിക്കാനും ചിലർ ആത്മീയത തേടിയും ഇവിടെ വരുന്നവർ ധാരാളം പേർ ഉണ്ട്. ഇന്ത്യൻ സംസ്കാരത്തിലൂടെ ജീവിക്കാൻ ശ്രമിക്കുന്നു. അവർക്ക് ഇതെല്ലാം വലിയ അനുഭവമാണ് സമ്മാനിക്കുന്നത്. ഇപ്പോഴിതാ, അത് കാരണം ഒരു വിദേശിക്ക് പറ്റിയ അമളിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒഡീഷയിലെ ഷഹീദ് നഗറിലാണ് സംഭവം നടന്നത്.

ഒരു വിദേശ വനിതയുടെ തുടയിൽ ജഗന്നാഥന്‍റെ ചിത്രം പച്ചകുത്തിയതില്‍ സ്ഥലത്ത് വ്യാപക പ്രതിഷേധം. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ടാറ്റൂ ആർട്ടിസ്റ്റും പാർലർ ഉടമയും അറസ്റ്റിലായി. ജഗന്നാഥ ഭക്തർ ഷഹീദ് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 299-ാം വകുപ്പ് പ്രകാരം പരാതി രജിസ്റ്റർ ചെയ്തു. റോക്കി രഞ്ജൻ ബിസോയി, ടാറ്റൂ ആർട്ടിസ്റ്റ് അശ്വിനി കുമാർ പ്രധാൻ എന്നിവരാണ് പ്രതികളെന്ന് പോലീസ് വ്യക്തമാക്കി.

ചോദ്യം ചെയ്യലിൽ ടാറ്റൂ ആർട്ടിസ്റ്റായ അശ്വിനി കുമാർ പ്രധാൻ സ്ത്രീയുടെ അഭ്യർത്ഥനപ്രകാരം തുടയിൽ ടാറ്റൂ പതിപ്പിച്ചതായി റോക്കി സമ്മതിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭുവനേശ്വറിലെ ഒരു പാർലറിൽ വിദേശ വനിത ടാറ്റൂ ചെയ്തതിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. ഇതോടെ ഹിന്ദു സംഘടനകളും ജഗന്നാഥ ഭക്തരുടെയും പ്രതിഷേധവുമായി രംഗത്ത് വന്നു. സ്ത്രീ ഒരു സർക്കാരിതര സംഘടനയിൽ ജോലി ചെയ്യുന്നയാളാണെന്നും ഇറ്റലി പൗരത്വമുള്ളയാളാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇവരുടെ വിശദാംശങ്ങൾ അവർ പരിശോധിച്ചു വരികയാണ്.

പ്രതിഷേധം ശക്തമായതിനെ തുടർന്ന് സ്ത്രീയും ടാറ്റൂ പാർലർ ഉടമയും സോഷ്യൽ മീഡിയയിൽ മാപ്പ് പറഞ്ഞിരുന്നു. “ഞാൻ അനാദരവ് കാണിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ഞാൻ ജഗന്നാഥ ഭഗവാന്‍റെ വലിയ ഭക്തയാണ്. എല്ലാ ദിവസവും ക്ഷേത്രത്തിൽ പോകാറുണ്ട്. എനിക്ക് തെറ്റ് പറ്റി, അതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ആളുകൾ കാണാത്ത ഒരിടത്ത് ടാറ്റൂ പതിപ്പിക്കാനാണ് ആർട്ടിസ്റ്റിനോട് ആവശ്യപ്പെട്ടത്. ഒരു പ്രശ്നവും ഉണ്ടാക്കാൻ ആഗ്രഹിച്ചിരുന്നില്ല.

ഇതിൽ ഞാൻ വളരെ ഖേദിക്കുന്നു. ടാറ്റൂ പതിപ്പിച്ച ഭാഗം സുഖമായ ഉടൻ തന്നെ അത് നീക്കം ചെയ്യും. തെറ്റിന് എന്നോട് ക്ഷമിക്കണം.”- കൈകൂപ്പി കൊണ്ടുള്ള ഒരു വീഡിയോ സന്ദേശത്തിൽ സ്ത്രീ പറഞ്ഞു. എന്നാല്‍, താൻ വിലക്കിയിട്ടും സ്ത്രീ തുടയിൽ ടാറ്റൂ പതിപ്പിക്കുകയായിരുന്നു എന്നാണ് പാർലർ ഉടമ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker