തിരുവനന്തപുരം : നിമയമസഭ തിരഞ്ഞെടുപ്പിൽ 71 സീറ്റ് നേടി ബിജെപി അധികാരത്തിൽ വരുമെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. ഇരിങ്ങാലക്കുടയില്‍ ബിജെപി സ്ഥാനാർഥി പട്ടികയില്‍ ജേക്കബ് തോമസിന്റെ പേരുണ്ട്. ഭരണത്തെ അടുത്തറിഞ്ഞ് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മത്സരത്തിനിറങ്ങുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജേക്കബ് തോമസ് ഇക്കാര്യം പറഞ്ഞത്.
”ബിജെപി ജയിക്കാന്‍ വേണ്ടിയുള്ള പ്രചാരണങ്ങള്‍ ഞാന്‍ ചെയ്യുന്നുണ്ട്. ബിജെപി എന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ടീം ആണ്. ആ ടീം ജയിക്കാനായി ആ ടീമിലെ ഒരു അംഗം എന്ന നിലയില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഇത്രയും കാലം സര്‍ക്കാരുകള്‍ ഓരോ ജോലികള്‍ എന്നെ ഏല്‍പ്പിച്ചിരിക്കുകയായിരുന്നല്ലോ. ഇനി ജനങ്ങള്‍ ജോലികള്‍ ഏല്‍പ്പിക്കട്ടെ”- ജേക്കബ് തോമസ് പറഞ്ഞു.
കഴിഞ്ഞ മാസമാണ് ജേക്കബ് തോമസ് ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്. തന്റെ അഴിമതി വിരുദ്ധ നിലപാട് എല്‍.ഡി.എഫ്, യു.ഡി.എഫ്. സര്‍ക്കാരുകള്‍ക്ക് ഇഷ്ടമല്ല എന്നും അതുകൊണ്ടാണ് എന്‍.ഡി.എ.യ്‌ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതെന്നും ജേക്കബ് തോമസ് അന്ന് വ്യക്തമാക്കിയിരുന്നു.
അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിജയയാത്ര നാളെ ശംഖുംമുഖത്ത് സമാപിക്കും. പൊതുസമ്മേളനം കേന്ദ്ര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഇന്നു വൈകിട്ട് 6.30ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തുന്ന അമിത് ഷാ നാളെ രാവിലെ റോഡു മാര്‍ഗം കന്യാകുമാരിയിലേക്ക് പോകും. തുടര്‍ന്ന് കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്, തമിഴ്‌നാട് നിയസഭാ പ്രചാരണങ്ങില്‍ പങ്കെടുക്കും.
ഉച്ച തിരിഞ്ഞ് 3.50ന് തിരുവനന്തപുരത്ത് മടങ്ങിയെത്തി ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിലും തുടര്‍ന്ന് ശ്രീരാമകൃഷ്ണ മഠത്തിലെ സന്യാസി സംഗമത്തിലും പങ്കെടുക്കും.
വൈകിട്ട് 5.30ന് ശംഖുംമുഖത്ത് നടക്കുന്ന വിജയയാത്രയുടെ സമാപനസമ്മേളനം അമിത് ഷാ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, വി. മുരളീധരന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ്‍, ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, കേരളത്തിലെ ചുമതലയുള്ള സി.പി. രാധാകൃഷ്ണന്‍, സുനില്‍കുമാര്‍ എം.എല്‍.എ, സുരേഷ് ഗോപി എം.പി, ഒ. രാജഗോപാല്‍ എം.എല്‍.എ, ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ എം.ടി. രമേശ്, ജോര്‍ജ് കുര്യന്‍, സി. കൃഷ്ണകുമാര്‍, പി. സുധീര്‍, വൈസ് പ്രസിഡന്റുമാരായ ശോഭ സുരേന്ദ്രന്‍, പ്രൊഫ. വി.ടി. രമ, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന്‍, യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന പ്രഫുല്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.