തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ജസ്റ്റിസ് മണികുമാർ. വ്യക്തിപരമായ അസൗകര്യം ഉണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. ഗവർണർ നിയമനം അംഗീകരിച്ചതിനു പിന്നാലെയാണ് മണികുമാർ നിലപാട് വ്യക്തമാക്കിയത്. മണികുമാറിന്റെ നിയമനത്തിനെതിരെ നേരത്തെ പ്രതിപക്ഷം രംഗത്തു വന്നിരുന്നു.
ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസാണ് എസ് മണികുമാർ. ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച മണികുമാർ അഴിമതി കേസുകളിൽ സർക്കാറിനെ സഹായിച്ചുവെന്ന ഗുരുതര ആരോപണമാണ് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ഉന്നയിച്ചത്. വിരമിച്ച ശേഷം മണികുമാറിന് സർക്കാർ യാത്രയയപ്പ് നൽകിയതും വിവാദമായിരുന്നു.
മണികുമാറിന്‍റെ നിയമനം സംബന്ധിച്ച സംസ്ഥാന സർക്കാരിൻെറ ശുപാർശ തള്ളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്ത് നൽകിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ചേർന്ന സെലക്ഷൻ കമ്മിറ്റിയിലും പ്രതിപക്ഷ നേതാവ് വിയോജന കുറിപ്പെഴുതിയിരുന്നു.
വിവാദങ്ങളെ തുടർന്ന് ഏഴു മാസമായി ഗവർണർ ശുപാർശ ഒപ്പിട്ടിരുന്നില്ല. ഗവർണക്കെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ശുപാർശ അംഗീകരിക്കാത്ത കാര്യം ചൂണ്ടികാട്ടിയിരുന്നു. നിയമ പോരാട്ടങ്ങള്‍ നടക്കുന്നതിനിടെയാണ് ശുപാർശ ഗവർണർ അംഗീകരിച്ചത്. പിന്നാലെയാണ് സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മണികുമാർ വ്യക്തമാക്കിയത്.