ഞാനൊരു സർജറിയും ചെയ്തിട്ടില്ല, ദൈവം തന്നതല്ലാതെ ഒന്നുമെനിക്കില്ല: ഹണി റോസ്
കൊച്ചി:വിനയൻെറ സംവിധാനത്തിലൊരുങ്ങിയ ‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിലേയ്ക്കെത്തിയ താരമാണ് ഹണി റോസ്. പിന്നീട് ട്രിവാൻഡ്രം ലോഡ്ജ്, കനൽ, അവരുടെ രാവുകൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, യു ടൂ ബ്രൂട്ടസ്, ഇട്ടിമാണി : മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ, മോൺസ്റ്റർ തുടങ്ങിയ ചിത്രങ്ങളിലും ഹണി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. തമിഴിലും തെലുങ്കിലുമെല്ലാം സജീവമാണ് ഹണി റോസ് ഇപ്പോൾ. നന്ദമുരി ബാലകൃഷ്ണയ്ക്ക് ഒപ്പം അഭിനയിച്ച വീരസിംഹ റെഡ്ഡി എന്ന തെലുങ്ക് ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
സമീപകാലത്ത് ഏറ്റവും കൂടുതൽ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്ത താരവും ഒരുപക്ഷേ ഹണി റോസ് ആയിരിക്കും. ഉദ്ഘാടനങ്ങളിൽ തിളങ്ങുന്ന സ്റ്റാർ എന്നാണ് ഹണിയെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. പ്രശസ്തി മാത്രമല്ല, പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും ട്രോളുകൾക്കുമൊക്കെ ഇരയാകേണ്ടി വന്ന നടി കൂടിയാണ് ഹണിറോസ്.
സൗന്ദര്യം വർധിപ്പിക്കാനായി നിരവധി സർജറികളും ഹണിറോസ് ചെയ്തിട്ടുണ്ടെന്ന രീതിയിലുള്ള കമന്റുകളും പലപ്പോഴും താരത്തിന് എതിരെ ഉയരാറുണ്ട്. എന്നാൽ അത്തരം ആരോപണങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് ഹണി റോസ് ഇപ്പോൾ.
“ഞാനൊരു സർജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നുമെനിക്കില്ല. പിന്നെ സൗന്ദര്യം നിലനിർത്താനുള്ള ചില പൊടിക്കൈകൾ ചെയ്യാറുണ്ട്. ഈ രംഗത്തു നിൽക്കുമ്പോൾ അതൊക്കെ തീർച്ചയായും വേണം. ഒരു നടിയായിരിക്കുക, ഗ്ലാമർ മേഖലയിൽ ജോലി ചെയ്യുക അതൊന്നും അത്ര എളുപ്പ പണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് വർക്കൗട്ടുകൾ ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിൻതുടരും. ചെറിയ ചില ട്രീറ്റ്മെന്റുകളും നടത്താറുണ്ട്.അതൊരു വലിയ വിഷയമാണെന്ന് എനിക്കു തോന്നുന്നില്ല. നമ്മുടെ സ്വന്തം ശരീരത്തെ പരിചരിക്കുന്നത് വലിയ കാര്യമല്ലേ? ദൈവം തന്ന ശരീരം സുന്ദരമായികൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്,” വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഹണി റോസ് ഇക്കാര്യം പറഞ്ഞത്.
“എന്തു ധരിക്കണം, എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഞാൻ തന്നെയാണ്. ആദ്യ സിനിമയിൽ സ്ലീവ് ലെസ് ധരിക്കേണ്ടി വന്നപ്പോൾ കരഞ്ഞ ആളാണ് ഞാൻ. പക്ഷേ ഇപ്പോഴെനിക്കറിയാം, ധരിക്കുന്ന വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പം,” ഹണി കൂട്ടിച്ചേർത്തു.
സമീപകാലത്ത് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ആക്രമണം നേരിട്ടത് താനാണെന്നും ഹണി റോസ് പറയുന്നു. “പല കമന്റുകളും കാണുമ്പോൾ ആദ്യമൊക്കെ സങ്കടം തോന്നിയിരുന്നു. വീട്ടിലുള്ളവരും തുടക്കക്കാലത്തു ഇതൊക്കെ വായിച്ചു വിഷമിക്കും. പിന്നെ കേട്ടു കേട്ടു അതിലൊന്നും സങ്കടപ്പെട്ടിട്ടു കാര്യമില്ലെന്നു മനസ്സിലായി. ഒന്നും ഇപ്പോൾ ബാധിക്കുന്നില്ല.”
‘റേച്ചല്‍’ ആണ് ഹണിയുടെ ഏറ്റവും പുതിയ ചിത്രം. എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ഹണി അവതരിപ്പിക്കുന്നത്. ഇറച്ചിവെട്ടുകാരി ആയാണ് ഹണിറോസ് ചിത്രത്തിൽ എത്തുന്നതെന്ന സൂചന നൽകുന്ന പോസ്റ്ററും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. നവാഗതയായ അനന്തിനി ബാല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.