മുംബൈ:ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും തുടരുന്നു. അമേരിക്കന്‍ ടെക് ഭീമനായ ഐ.ബി.എം. വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റിന്റെ ഗെയ്മിങ് വിഭാഗത്തില്‍നിന്ന് മാത്രം 650-ലേറെപ്പേരെയാണ് അടുത്തകാലത്തായി പിരിച്ചുവിട്ടത്. സ്റ്റാര്‍ട്ട് അപ് കമ്പനികളായ ഡോസീ, വിട്രാന്‍സ്ഫര്‍ എന്നിവയിലെ ജീവനക്കാരും പിരിച്ചുവിടല്‍ ഭീഷണയിലാണ്. നഷ്ടംകുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇവിടങ്ങളിലെ പിരിച്ചുവിടല്‍.
ഫെബ്രുവരിയില്‍ 4,000-ഓളം പേരെ പിരിച്ചുവിട്ട സിസ്‌കോ, ഓഗസ്റ്റില്‍ ഏഴുശതമാനം ജീവനക്കാരെക്കൂടെ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ 5,600 പേര്‍ക്ക് ജോലി പോവും. ഓഗസ്റ്റില്‍ പിരിച്ചുവിടുമെന്ന് നോട്ടീസ് നല്‍കിയ ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ 16 വരെ നീട്ടിനല്‍കിയിരുന്നു.
പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ ഡിമാന്‍ഡില്‍ കുറവുണ്ടായെന്ന് പറഞ്ഞാണ് ഡെല്‍ ടെക്‌നോളജീസ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷത്തോടെ നിരവധിപ്പേര്‍ക്ക് ജോലി നഷ്ടമാവും.
സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോം 226 ജോലിക്കാരെ പിരിച്ചുവിടും. 1,250-ലേറെ ജീവനക്കാരെ പിരിച്ചുവിട്ട് ഒരുവര്‍ഷം തികയുംമുമ്പാണ് കമ്പനിയുടെ തീരുമാനം. എഡ്- ടെക് സ്ഥാപനമായ യൂഡമി ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കും. ബെന്‍ഡിങ് സ്പൂണ്‍സ് ഏറ്റെടുത്ത വി ട്രാന്‍സ്ഫറിന്റെ ജോബ് ഫോഴ്‌സിന്റെ 75 ശതമാനത്തേയും പിരിച്ചുവിടും. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ഡോസീയില്‍ 40 പേര്‍ക്കാണ് ജോലി നഷ്ടമാവുക.
അതേസമയം, തൊട്ടുമുമ്പത്തെ മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ പിരിച്ചുവിടല്‍ നിരക്ക് കുറവാണ്. ഓഗസ്റ്റില്‍ 44 കമ്പനികള്‍ 27,065 പേരെയാണ് പിരിച്ചുവിട്ടത്. സെപ്റ്റംബറില്‍ 30 കമ്പനികളില്‍നിന്നായി 3,765 പേര്‍ക്കാണ് ജോലി നഷ്ടമായത്. ഓഗസ്റ്റില്‍ ഇന്റലും സിസ്‌കോയും മാത്രം 5,900 പേര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. വര്‍ഷം ഇതുവരെ 511 കമ്പനികള്‍ 1,39,206 പേരെ പിരിച്ചുവിട്ടു.