തിരുവനന്തപുരം: മേയറെ അധിക്ഷേപിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ നടി റോഷ്‌ന ആന്‍ റോയിയുടെ ആരോപണത്തിൽ ബസ് ഓടിച്ചത് യദു തന്നെയെന്ന് സ്ഥിരീകരണം. ജൂൺ 19-ന് ആർപിഇ 492 ബസ് ഓടിച്ചത് യദുതന്നെയാണെന്നാണ് തെളിഞ്ഞത്. ജൂൺ 18-ന് തിരുവനന്തപുരം ഡിപ്പോയിൽ നിന്നും ബസ് വഴിക്കടവിലേക്ക് യാത്ര തിരിച്ചു. തിരികെ 19- നാണ് സഞ്ചരിച്ചത്. അന്നേദിവസം അപമാനിക്കപ്പെട്ട സംഭവം റോഷ്‌ന വെളിപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം-കൊല്ലം-ആലപ്പുഴ-എറണാകുളം-തൃശൂർ-പെരിന്തൽമണ്ണ-മഞ്ചേരി-നിലമ്പൂർ-വഴിക്കടവ് എന്നതായിരുന്നു റൂട്ട്. സംഭവത്തിൽ കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണം തുടങ്ങി.19-ന് കുന്നംകുളത്തിന് സമീപത്തുവെച്ച് അപമാനിക്കപ്പെട്ട സംഭവം ഉണ്ടായെന്നായിരുന്നു റോഷ്‌നയുടെ ആരോപണം.
ഡ്രൈവര്‍ മോശമായി പെരുമാറിയിരുന്നുവെന്നും അന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഇടപെട്ടാണ് യദുവിനെ പറഞ്ഞയച്ചതെന്നും നടി റോഷ്‌ന ആന്‍ റോയ് പറഞ്ഞിരുന്നു. നടുറോട്ടില്‍ വണ്ടി നിര്‍ത്തി യദു മോശമായി സംസാരിച്ചെന്നും ഒരു സ്ത്രീയെന്ന പരിഗണന പോലും സംസാരത്തിലുണ്ടായിരുന്നില്ലെന്നും റോഷ്‌ന പറഞ്ഞു. മേയർ വിഷയവുമായി ബന്ധപ്പെട്ട് യദുവിന്റെ ഫോട്ടോ കണ്ടപ്പോഴാണ് ഇയാളെ തിരിച്ചറിഞ്ഞതെന്നും തനിക്ക് നേരിട്ട അനുഭവം പങ്കുവെച്ചതെന്നും നടി പറഞ്ഞു.
ആരോപണം വിവാദമായതോടെ റോഷ്ന സിപിഐഎം പ്രവത്തകയായതുകൊണ്ട് ഉന്നയിക്കുന്ന ആരോപണമാണെന്നും സരിത 2 അണെന്നും പറഞ്ഞ് യദു തന്നെ അധിക്ഷേപിച്ചെന്നും നടി പറഞ്ഞു. താൻ ഒരു പാർട്ടിയുടെയും പ്രതിനിധി അല്ലെന്നും തിരഞ്ഞെടുപ്പിൽ വോട്ട് പോലും ചെയ്തിട്ടില്ലെന്നും നടി പറഞ്ഞു.
എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം നടന്നതായി ഓർമ്മയില്ലെന്നാണ് പറഞ്ഞത്.കെഎസ്‌ആർടിസി ഡ്രൈവർ യദുവിനെതിരെ കൂടുതൽ പ്രതികരണവുമായി നടി റോഷ്‌ന ആൻ റോയ്. ഒരുവർഷം മുൻപ് നടന്ന സംഭവം യദുവിന് ഓർമ്മയില്ലെങ്കിലും തനിക്ക് ഓർമ്മയുണ്ടെന്നും അത്രയും മോശമായാണ് തന്നോട് സംസാരിച്ചതെന്നും നടി ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി.
‘സംഭവദിവസം മലപ്പുറത്തുനിന്ന് എറണാകുളത്തേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു ഞാൻ. തൃശൂരിനെപ്പറ്റി വലിയ ധാരണയില്ല. കൃത്യം ഈ പഞ്ചായത്ത് എന്ന് പറയാൻ ആ സ്ഥലത്തെപ്പറ്റി വലിയ അറിവില്ല. കുന്നംകുളം എന്നായിരുന്നു ഞാൻ പോസ്റ്റിൽ പറഞ്ഞത്. എന്നാൽ ഞാൻ കഴിഞ്ഞദിവസം പങ്കുവച്ച പോസ്റ്റിനൊപ്പം കൊടുത്തിരുന്ന ചിത്രത്തിൽ ഒരു സ്ഥലത്തിന്റെ ബോർഡ് കാണാം. ഒരു കടയുടെ ബോർഡ് ആണത്. അതിൽ മുതുവറ എന്ന സ്ഥലം നൽകിയിട്ടുണ്ട്. അവിടെയാണ് എംവിഡി ഉണ്ടായിരുന്നത്. അവിടെവച്ചാണ് എംവിഡിയോട് കാര്യങ്ങൾ വിശദീകരിച്ചത്. ജൂൺ 19ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്.
പ്രദേശത്ത് അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. രണ്ടുവണ്ടികൾക്ക് കഷ്ടിച്ച് പോകാനുള്ള സ്ഥലം മാത്രമാണ് അവിടെയുണ്ടായിരുന്നത്. വളരെ സ്‌പീഡിലാണ് യദു അന്ന് ബസ് ഓടിച്ചിരുന്നത്. ബസ് കുറേ ഹോൺ അടിക്കുകയും ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പണി നടക്കുന്നതിനാൽ പതിയെ പോകണമെന്ന് അവിടെ വ്യക്തമായി എഴുതിവച്ചിട്ടും ഉണ്ടായിരുന്നു. ആംബുലൻസ് പോകുന്നതുപോലെയായിരുന്നു യദു ബസ് ഓടിച്ചത്’- റോഷ്‌ന വ്യക്തമാക്കി