ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എന്ന വ്യക്തിയ്ക്കല്ല പിന്തുണ പ്രഖ്യാപിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മറിച്ച് രാഹുലിനെതിരായുള്ള ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ സമീപനത്തെയാണ് എതിര്‍ത്തതെന്നും എം.വി ഗോവിന്ദന്‍. ഡല്‍ഹിയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിനെ സംബന്ധിച്ച് ബി.ജെ.പിയാണ് ഏറ്റവും ശക്തിയായി എതിര്‍ക്കപ്പടേണ്ട ശക്തിയെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. 2024-ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ആര്‍.എസ്.എസ്സിന്റെ നൂറാം വാര്‍ഷികമായ 2025-ല്‍ രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കും. ഇത് ഫാസിസത്തിലേക്കുള്ള യാത്രയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുലിനോടുള്ള പാര്‍ട്ടി നിലപാട് തുറന്ന സമീപനത്തിന്റെ ഭാഗമാണ്. മറിച്ച് അത് കോണ്‍ഗ്രസിന് രാഷ്ട്രീയമായി ഉപകാരപ്പെടുമോ എന്ന് ചിന്തിക്കുന്നില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസിനോടുള്ള നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളം പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ആര്‍.എസ്.എസ് ഉപയോഗിക്കുകയാണ്. സംസ്ഥാനങ്ങളിലെ ബി.ജെ.പി വിരുദ്ധവോട്ടുകള്‍ ഭിന്നിച്ച് പോകാതെ നോക്കുക എന്നതാണ് സീറ്റ് അഡ്ജസ്റ്റിന്മേല്‍ നിലവിലെ പരിതസ്ഥിതിയില്‍ ചെയ്യാനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.