കൊല്ലം: കൊല്ലം ആശ്രാമത്ത് സൈക്കിൾ യാത്രികനായ വയോധികൻ അപകടത്തിൽ മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിൽ. റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായ പാപ്പച്ചന്‍റെ നിക്ഷേപതുക തട്ടിയെടുക്കാൻ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജരായ യുവതി ക്വട്ടേഷൻ നൽകുകയായിരുന്നു. വെറും അപകട മരണമാണെന്ന് എഴുതിത്തള്ളിയ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത് പൊലീസിൻ്റെ തുടരന്വേഷണത്തിലാണ്. കൊലപാതകത്തിൽ ബ്രാഞ്ച് മാനേജർ സരിത, അക്കൗണ്ടൻ്റ് അനൂപ് എന്നിവരടക്കം 5 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മെയ് 23നാണ് കൊല്ലം ആശ്രാമം റോഡിലൂടെ സൈക്കിളിൽ പോവുകയായിരുന്ന പാപ്പച്ചൻ കാറിടിച്ച് മരിച്ചത്. അപകട മരണമെന്ന് എഴുതി തളളുമായിരുന്ന സംഭവത്തിൽ പാപ്പച്ചൻ്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. പാപ്പച്ചൻ്റെ പേരിലുള്ള 80 ലക്ഷത്തോളം രൂപയുടെ നിക്ഷേപം തട്ടിയെടുക്കാൻ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജരായ സരിത കൊലപാതകത്തിന് ക്വട്ടേഷൻ നൽകുകയായിരുന്നു. പാപ്പച്ചന്റെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷത്തോളം രൂപ സരിത പിൻവലിച്ചിരുന്നതായും പൊലീസ് പറയുന്നു.
ക്വട്ടേഷൻ ഏറ്റെടുത്ത സ്ഥിരം കുറ്റവാളി അനിമോൻ പാപ്പച്ചനെ കാറിടിച്ച് കൊലപ്പെടുത്തി. പാപ്പച്ചൻ്റെ അക്കൗണ്ടിൽ നിന്നുതന്നെയാണ് അനിമോനുള്ള ക്വട്ടേഷനുള്ള പണം നൽകിയതും. പ്രതികളുടെയും പാപ്പച്ചൻ്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം കേസിൽ നിർണായകമായി. ബ്രാഞ്ച് മാനേജരായ സരിതയും അക്കൗണ്ടൻ്റ് അനൂപും ചേർന്നാണ് എല്ലാം ആസൂത്രണം ചെയ്തത്. സരിത, അനൂപ്, ക്വട്ടേഷനെടുത്ത അനിമോൻ, ഇയാളുടെ സുഹൃത്ത് മാഹീൻ, കാർ വാടകയ്ക്കെടുത്ത ഹാഷിഫ് എന്നിവരെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.