KeralaNews

'എസ്എസ്എൽസി പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞത് ശരിയല്ല'; സജി ചെറിയാനെ തിരുത്തി ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തിൽ എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ്  മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തണം എന്നുള്ളത്  പൊതുസമൂഹം ഉൾക്കൊള്ളുന്ന ആവശ്യമാണ്. അതിനുള്ള കൂടുതൽ പദ്ധതികൾ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ് സി ഇ ആർ ടി അടക്കമുള്ള വിദ്യാഭ്യാസ ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

പ്രീപ്രൈമറി തലം തൊട്ട് പാഠ്യപദ്ധതി പരിഷ്കരണം അടക്കമുള്ള കാര്യങ്ങൾ  നടപ്പാക്കി വരികയാണ്. അധ്യാപകർക്ക് സമയാസമയം പരിശീലനം ലഭ്യമാക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നൂതന ശാസ്ത്ര, സാങ്കേതിക മേഖലകളിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകുകയാണ്. ഒന്നാം ക്ലാസ് പിന്നിടുന്ന വിദ്യാർത്ഥി മലയാളം അക്ഷരമാല പഠിക്കുമെന്ന് ഉറപ്പാക്കുന്ന രീതിയിലുള്ള പാഠ്യപദ്ധതി പദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളാണ്  നിലവിൽ നടക്കുന്നത്.

രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പ്രീ പ്രൈമറി,പ്രൈമറി,അപ്പർ പ്രൈമറി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളം. അക്കാദമിക മികവിന്റെ കാര്യത്തിൽ കേരളം ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. സ്കൂൾ വിദ്യാഭ്യാസത്തിന്റെ അടക്കം കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വികസന സൂചികകളിൽ കേരളം ഇപ്പോഴും പ്രഥമ ശ്രേണിയിലുണ്ട്.

മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അടർത്തി എടുത്താണ് ഇപ്പോൾ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. പ്രസംഗം മൊത്തം കേട്ടാൽ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ പ്രകടനം ആണ് അദ്ദേഹം നടത്തിയത് എന്ന് വ്യക്തമാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

അതേസമയം, സംസ്ഥാനത്ത് എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞത്. ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ജയിച്ചവരിൽ നല്ലൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ല.

പണ്ടൊക്കെ എസ്എസ്എൽസിക്ക് 210 മാർക്ക് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ എല്ലാവരും ജയിക്കുകയാണ്. ആരെങ്കിലും എസ്എസ്എൽസി തോറ്റാൽ സർക്കാരിന്‍റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാർട്ടികൾ സമരത്തിനിറങ്ങും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സർക്കാറിന് നല്ല കാര്യമെന്നും സജി ചെറിയാൻ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker