ബംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കവെ നിർണായക വിവരങ്ങൾ പുറത്ത്. തട്ടുകടയുടെ താഴ്ഭാഗം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ലോറിയിൽ കെട്ടിയിരുന്ന കയർ കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം.
അർജുന്റെ ലോറിയിൽ തടികൾ കയർ കൊണ്ടാണ് കെട്ടിവച്ചിരുന്നത്. ഈ കയറുകളാണ് കണ്ടെത്തിയതെന്നാണ് സൂചന. അടുത്തായി ലോഹ സാന്നിദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് കാണാതായ ലോറിയാണോയെന്ന വിവരം ഉറപ്പായിട്ടില്ല. തെരച്ചിലിന് വെല്ലുവിളി ഉയർത്തി പ്രദേശത്ത് ശക്തമായ മഴയും പെയ്യുന്നുണ്ട്. മഴ കുറയുമ്പോൾ തെരച്ചിൽ ശക്തമാക്കുന്നുണ്ട്. ലോറിയുടെ നീളത്തിലാണ് മണ്ണ് എടുത്തുകൊണ്ടിരിക്കുന്നത്. കെട്ടിയ കയർ അഴിഞ്ഞ് കിടക്കുന്ന രീതിയിലാണ് കാണപ്പെടുന്നത്.
300ഓളം മരക്കഷ്ണങ്ങളാണ് ലോറിയിൽ ഉണ്ടായിരുന്നത്. മരക്കഷ്ണങ്ങൾ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ബൂം മണ്ണ് മാന്തി യന്ത്രം മാത്രമല്ല അതിനൊപ്പം മറ്റ് ക്രെയിനുകളും അവിടെ പരിശോധന നടത്തുന്നുണ്ട്. 10 മീറ്റർ നീളത്തിൽ മണ്ണ് നീക്കുകയാണ്. മൺകൂനയിൽ നിന്നാണ് കയർ കണ്ടെത്തിയത്. മഴയാണ് ഇടയ്ക്ക് വെല്ലുവിളി ഉയർത്തുന്നത്.
താഴെ നിന്ന് മണ്ണ് എടുക്കുമ്പോൾ മുകളിൽ നിന്ന് വീണ്ടും ഇടിയാൻ സാദ്ധ്യതയുണ്ട്. അതിനാൽ ക്രെയിനുകളാണ് മണ്ണ് മാറ്റുന്നത്. രാത്രിയിലും രക്ഷാദൗത്യം തുടരുമെന്നാണ് അധികൃതർ പറയുന്നത്. കയർ കണ്ട സ്ഥിതിക്ക് അതിന് വ്യക്തത വരുത്തുമെന്നും അധികൃതർ അറിയിച്ചു.