ബെംഗളൂരു: ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡര്‍ മൊഡ്യൂളില്‍നിന്ന് പുറത്തിറങ്ങിയ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇതിനോടകം യാത്രതുടങ്ങി. ലാന്‍ഡറില്‍നിന്ന് റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഐ.എസ്.ആര്‍.ഒ.
ബുധനാഴ്ച വൈകീട്ട് 6.04-ന് ലാന്‍ഡിങ് നടന്ന് നാലുമണിക്കൂറിനുശേഷം റോവറിനെ പുറത്തിറക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് റോവര്‍ പുറത്തിറങ്ങിയ കാര്യം ഐ.എസ്.ആര്‍.ഒ. അറിയിച്ചത്. ‘റോവര്‍ ലാന്‍ഡറില്‍നിന്ന് പുറത്തിറങ്ങിയെന്നും ഇന്ത്യ ചന്ദ്രനിലൂടെ നടന്നു’ എന്നും എക്‌സില്‍ കുറിപ്പിട്ടു. ഇന്നാണ് റോവര്‍ പുറത്തിറങ്ങുന്നതിന്റെ വീഡിയോ ഐ.എസ്.ആര്‍.ഒ.
പുറത്തുവിട്ടിരിക്കുന്നത്.
റോവര്‍ ചന്ദ്രോപരിതലത്തിലൂടെ അല്പദൂരം സഞ്ചരിച്ചതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒരു ചാന്ദ്രദിനമാണ് (ഭൂമിയിലെ 14 ദിവസം) റോവറിന്റെ പ്രവര്‍ത്തനകാലാവധി. ഈ സമയത്ത് ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് രാസവിശകലനങ്ങള്‍ നടത്തും.
റോവറില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വിശദമായി വിശകലനംചെയ്തിട്ടേ പുറത്തുവിടുകയുള്ളൂ. റോവര്‍ വിവരങ്ങള്‍ കൈമാറുന്നത് ലാന്‍ഡറിലേക്കാണ്. ഈ വിവരങ്ങള്‍ ബെംഗളൂരുവിലെ ബൈലാലുവിലുള്ള ദീര്‍ഘദൂര ബഹിരാകാശ വിവരവിനിമയ ശൃംഖലയില്‍ (ഐ.ഡി.എസ്.എന്‍.) ലഭിക്കും. ഇവിടെനിന്ന് അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി, സ്‌പെയ്സ് ആപ്ലിക്കേഷന്‍സ് സെന്റര്‍ എന്നിവിടങ്ങളിലെത്തിച്ച് വിശദമായി വിശകലനംചെയ്തശേഷമാകും വിവരങ്ങള്‍ പുറത്തുവിടുക. ചന്ദ്രനില്‍ വീഴുന്ന വെളിച്ചമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കനുസരിച്ചാകും റോവറില്‍നിന്നുള്ള വിവരങ്ങള്‍ ഭൂമിയില്‍ ലഭിക്കുക.