തിരുവനന്തപുരം: ചന്ദ്രയാൻ മൂന്നിന്‍റെ വിജയത്തിന് പിന്നാലെ പൗർണമികാവിൽ കുടുംബസമേതം എത്തി ദർശനം നടത്തി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ബാലരാമപുരം വെങ്ങാനൂർ പൗർണമി കാവിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.
ചന്ദ്രയാൻ വിക്ഷേപണത്തിന് മുൻപും സോമനാഥ് പൗർണമികാവിൽ എത്തി പ്രത്യേക പൂജകൾ നടത്തിയിരുന്നു. വിക്ഷേപണ വിജയത്തിന് ശേഷമാണ് ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയത്.
ഭാര്യക്ക് ഒപ്പം പൗർണമികാവിൽ എത്തിയ അദ്ദേഹത്തെ ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു. ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി. പൗർണമികാവ് സെക്രട്ടറി വെള്ളാർ സന്തോഷ്, പള്ളിക്കൽ സുനിൽ, ഭുവനചന്ദ്രൻ, അഭിലാഷ്, ചൂഴാൽ നിർമലൻ തുടങ്ങിയവർ സ്വീകരിച്ചു. വ്യക്തിപരമായ ശക്തി സംഭരിക്കുന്നതിനായാണ് ക്ഷേത്രത്തിൽ എത്തിയതെന്നും ഭക്തിയും മിഷനുമായി ബന്ധമില്ലെന്നും ചെയർമാൻ പറഞ്ഞു.
ചന്ദ്രയാന്‍റെ എല്ലാ ഭാഗങ്ങളും നന്നായി പ്രവർത്തിക്കുന്നുണ്ട്. ചന്ദ്രയാനിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കാൻ കാലതാമസം നേരിടുമെന്നും ഒരു ചിത്രം തന്നെ ഡൗൺലോഡ് ചെയ്തെടുക്കൻ നാല് മണിക്കൂര്‍ ആണ് വേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി എന്ന് പേരിട്ടതില്‍ വിവാദം വേണ്ടെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.
വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് പേരിടാൻ രാജ്യത്തിന് അവകാശമുണ്ട്. മുമ്പും പല രാജ്യങ്ങളും ഇത്തരത്തില്‍ പേരിട്ടുണ്ടെന്നും പേരിട്ടതിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണെന്നും ക്ഷേത്ര സന്ദർശനം വ്യക്തിപരമായ കാര്യമാണെന്നും എസ് സോമനാഥ് പ്രതികരിച്ചു.
പല വിലപ്പെട്ട വിവരങ്ങളും കിട്ടി. ശാസ്ത്രജ്ഞരുടെ അവലോകനങ്ങൾക്ക് ശേഷം നിഗമനങ്ങൾ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോവറും ലാൻഡറും എടുത്ത കൂടുതൽ ചിത്രങ്ങളും ശേഖരിച്ച വിവരങ്ങളും വൈകാതെ പുറത്തുവിടുമെന്ന് ചെയർമാൻ എസ് സോമനാഥ് നേരത്തെ അറിയിച്ചിരുന്നു. ചന്ദ്രയാൻ മൂന്ന് ദൗത്യം നൂറ് ശതമാനം വിജയമാണെന്നും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാമെന്നും സോമനാഥ് അറിയിച്ചു.