ഗാസയിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം; 70 പേർ കൊല്ലപ്പെട്ടു
ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബോംബുകൾ പറന്നുവീഴുന്ന സ്വന്തം നാട്ടിൽ നിന്ന് ജീവനും കൊണ്ട് കാറുകളിൽ രക്ഷപ്പെടുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്.
ഇതടക്കം ഗാസയിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം ഇതോടെ 1900 കടന്നു. 24 മണിക്കൂറിനകം ഗാസ വിടണമെന്ന ഇസ്രയേൽ മുന്നറിയിപ്പിന് പിന്നാലെ, പതിനായിരങ്ങൾ വടക്കൻ ഗാസയിൽനിന്ന് വീട് വിട്ട് പലായനം ചെയ്തു.
ഇസ്രയേൽ ആക്രമണത്തിലാണ് 70 പേരും കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോപിച്ചു. ഒഴിഞ്ഞു പോകുന്നവർക്ക് മേൽ ഇസ്രയേൽ ആക്രമണം നടത്തുകയാണെന്നും ഹമാസ് കുറ്റപ്പെടുത്തി. ഗാസയിൽ സുരക്ഷിത മേഖലകൾ നിശ്ചയിക്കാൻ ചർച്ച നടത്തുകയാണെന്ന് അമേരിക്കയും പ്രതികരിച്ചു.
ഉചിതമായ സമയത്ത് യുദ്ധത്തിൽ പങ്കുചേരുമെന്ന് ലെബനോനിലെ ഭരണ പങ്കാളി കൂടിയായ ഹിസ്ബുല്ല വ്യക്തമാക്കി. അതിനിടെ ഇസ്രയേലിൽ നിന്ന് ഇന്ത്യാക്കാരുമായുള്ള ഓപ്പറേഷൻ അജയ് രണ്ടാം വിമാനം അൽപസമയത്തിനകം ദില്ലിയിൽ എത്തും.
ഗാസ അതിർത്തിയിൽ സൈനിക നടപടി ഉണ്ടായെന്ന് ഇസ്രയേൽ അറിയിച്ചു. ആയുധങ്ങൾ കണ്ടെത്താനും ബന്ദികളെക്കുറിച്ച് വിവരം കിട്ടാനും ആയിരുന്നു സൈനിക നടപടി. സംഘർഷം കുറയ്ക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് പലസ്തീൻ യുഎന്നിനോട് ആവശ്യപ്പെട്ടു.
മേഖലയിൽ രക്തചൊരിച്ചിൽ ഒഴിവാക്കാൻ ചർച്ച നടത്തുകയാണെന്ന് ഖത്തറും ഗാസയ്ക്കുള്ളിൽ സുരക്ഷിത മേഖലകൾ നിശ്ചയിക്കാൻ ഇസ്രയേലുമായി ചർച്ച നടത്തുന്നുവെന്ന് അമേരിക്കയും വ്യക്തമാക്കി.
അതിനിടെ ലെബനോനിൽനിന്ന് വീണ്ടും ഇസ്രയേലിന് നേരെ വെടിവയ്പ്പുണ്ടായി. ഇതിന് തിരിച്ചടി നൽകിയെന്ന് ഇസ്രയേൽ അറിയിക്കുന്നു. അതിനിടെ ലെബനോനിൽ റോയിട്ടേഴ്‌സ് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു.