സിറിയയിലെ പാർപ്പിട സമുച്ചയത്തിൽ ഇസ്രയേല്‍ ആക്രമണം; നസ്രള്ളയുടെ മരുമകനെയും കൊന്നു
ദമാസ്‌കസ്: ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ളയുടെ മരുമകന്‍ ജാഫര്‍ അല്‍ ഖാസിര്‍ സിറിയയിലെ ദമാസ്‌കസില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ദമാസ്‌കസിലെ മാസെ ജില്ലയിലെ പാര്‍പ്പിട സമുച്ചയം കേന്ദ്രീകരിച്ചു നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ ഖാസിര്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടതായി സന്നദ്ധ സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.
ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘമായ ഹിസ്ബുള്ളയുടെ ബയ്‌റൂത്തിലെ ആസ്ഥാനത്തിനുനേരെ സെപ്റ്റംബര്‍ 27-ന് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ള കൊല്ലപ്പെട്ടത്.
അതിനിടെ, ഇസ്രയേലിന്റെ മണ്ണിലേക്ക് ഇറാന്‍ നേരിട്ടാക്രമണം നടത്തിയതോടെ ഉടലെടുത്ത യുദ്ധഭീതി പശ്ചിമേഷ്യയെ വേട്ടയാടുകയാണ്. ചൊവ്വാഴ്ച രാത്രിയാണ് തലസ്ഥാനമായ ടെല്‍ അവീവിലേക്കും ജറുസലേമിലേക്കും ഇറാന്‍ 200-ലേറെ റോക്കറ്റുകളയച്ചത്. ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ സുരക്ഷാമന്ത്രിസഭ അടിയന്തരയോഗം ചേര്‍ന്നിരുന്നു. പിന്നാലെ ലെബനനിലെ ബയ്‌റൂത്തില്‍ ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തി.
ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ള, ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെ, ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോര്‍ (ഐ.ആര്‍.ജി.സി.) കമാന്‍ഡര്‍ അബ്ബാസ് നില്‍ഫോര്‍ഷന്‍ എന്നിവരെ വധിച്ചതിനുള്ള കണക്കുചോദിക്കലാണ് ആക്രമണമെന്ന് ഇറാന്‍ പ്രതികരിച്ചിരുന്നു. ഇറാന്‍ ആക്രമണത്തിന് തുനിയുന്നുണ്ടെന്ന് ചൊവ്വാഴ്ച യു.എസ്. ഇസ്രയേലിന് മുന്നറിയിപ്പു നല്‍കിയിരുന്നു. അതേത്തുടര്‍ന്ന് ഒരുകോടിയോളം പേര്‍ ബങ്കറുകളില്‍ അഭയം തേടിയെന്നാണ് കണക്ക്. ഇറാന്റെ മിസൈലുകള്‍ വെടിവെച്ചിടാന്‍ പശ്ചിമേഷ്യയില്‍ നിലകൊള്ളുന്ന സെന്‍ട്രല്‍ കമാന്‍ഡിന് (സെന്റ്കോം) യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പിന്നാലെയാണ് മിസൈല്‍ ആക്രമണമുണ്ടായത്.
ആക്രമണത്തെ ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ പാശ്ചാത്യരാജ്യങ്ങള്‍ അപലപിച്ചു. തങ്ങളുടെ ധീരരക്തസാക്ഷികളുടെ ചോരയ്ക്ക് ഇറാന്‍ കണക്കുചോദിച്ചെന്ന് ഹമാസ് പ്രതികരിച്ചു. അതിനിടെ, സംഘര്‍ഷം കൂടുതല്‍ വഷളാകുന്നതില്‍ യു.എന്‍. ആശങ്കയറിയിച്ചു. ആക്രമണം അംഗീകരിക്കാനാകാത്തതാണെന്നും അന്താരാഷ്ട്രസമൂഹം ഇറാനുനേരേ രംഗത്തുവരണമെന്നും യു.എസ്. വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.