ഗാസയിലെ ആശുപത്രിയില്‍ ഇസ്രായേൽ ബോംബിട്ടു,500 മരണം
ഗാസ: ഇസ്രായേൽ ഗാസയിലെ ആശുപത്രിയിൽ ബോംബിട്ടതായി റിപ്പോർട്ട്. ഗാസ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.മധ്യ ഗാസയിലെ അൽ അഹ്ലി അറബ് ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ 500-ലധികം പേർ കൊല്ലപ്പെട്ടതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. വീട് വിട്ട ആയിരങ്ങൾ ആശുപത്രി സുരക്ഷിതമെന്ന് കരുതി അവിടെ അഭയം തേടിയിരുന്നു. ഇത് മരണസംഖ്യ ഉയരാൻ ഇടയാക്കി.
ചുരുങ്ങിയത് 4000 അഭയാർത്ഥികൾ എങ്കിലും ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട ഡോക്ടർ ബിബിസിയോട് പ്രതികരിച്ചു. ആശുപത്രി ഏതാണ്ട് പൂർണ്ണമായി തകർന്നതിനാൽ രക്ഷാ പ്രവർത്തനം ദുഷ്കരമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി പലസ്തീൻ അതോറിറ്റി പ്രസിഡൻ്റ് മഹമൂദ് അബ്ബാസ് അറിയിച്ചു. അതേസമയം, എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കുന്നുവെന്ന് ഇസ്രയേൽ സൈനിക വക്താവ് പ്രതികരിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇസ്രയേൽ ലെബനോൻ അതിർത്തിയിൽ സംഘർഷം ശക്തമാവുകയാണ്. ലെബനോനിൽ നിന്നുള്ള ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണത്തിൽ ഇസ്രയേൽ പൗരൻ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ നുഴഞ്ഞുകയറാൻ ശ്രമിച്ച നാലു പേരെ വെടിവെച്ചു കൊന്നതായാണ് ഇസ്രയേൽ അറിയിച്ചത്. വരും മണിക്കൂറുകളിൽ ഇസ്രായേലിനു നേരെ പ്രത്യാക്രമണം ഉണ്ടാകുമെന്നാമ് ഇറാന്റെ ഭീഷണി. ഹിസ്ബുല്ല ആക്രമണം ശക്തമാക്കുന്നത് ഇറാന്റെ നിർദേശപ്രകാരം എന്നാണു സൂചന. ലെബനനിൽ ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേലും അറിയിച്ചിരുന്നു.
ശുദ്ധജലം നിലച്ച ഗാസ പകർച്ചവ്യാധി ഭീഷണിയിലെന്ന യുഎൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി. പത്തുലക്ഷം പേർ അഭയാർഥികളായി തെരുവിലാണ്. ഗാസയിൽ ആംബുലൻസുകളും അഭയാർത്ഥി ക്യാമ്പുകളും പോലും ആക്രമിക്കപ്പെടുന്നതായി ജനങ്ങൾ പറയുന്നു. ഗാസയിലേക്ക് മാനുഷിക ഇടനാഴി വേണമെന്ന ആവശ്യവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ റൂഡോ രംഗത്തെത്തി. ഇരു പക്ഷവും വെടിനിർത്തണമെന്ന ആവശ്യവുമായി യുഎന്നിൽ റഷ്യ കൊണ്ടുവന്ന പ്രമേയം അമേരിക്കയും ബ്രിട്ടനും എതിർത്തു.
ഹമാസ് നടത്തിയ കൂട്ടക്കൊലയെ അപലപിക്കുന്നില്ല എന്നതിനാലാണ് എതിർത്തതെന്ന് യു എസ് പറയുന്നു. ഹമാസിന്റെ ആക്രമണത്തിന് ശേഷം അഞ്ചു ലക്ഷം പേരെ അതിർത്തി മേഖലകളിൽ നിന്ന് ഒഴിപ്പിച്ചതായി ഇസ്രയേൽ അറിയിച്ചു. ലെബനൻ, ഗാസ അതിർത്തികളിൽനിന്ന് ഇസ്രയേൽ പൗരന്മാരെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. അതേസമയം, തട്ടിക്കൊണ്ടുപോയ ബന്ധികളിൽ ഒരാളുടെ ദൃശ്യം ഹമാസ് പുറത്തുവിട്ടു. ഇരുന്നൂറോളം ബന്ദികൾ ഹമാസിന്റെ പിടിയിലാണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. ഹമാസ് ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ വടക്കൻ കൊറിയ നല്കിയതാണെന്ന വാദവുമായി ദക്ഷിണ കൊറിയ രംഗത്തെത്തി.
ഗാസയിൽ വ്യോമാക്രമണത്തിൽ ഹമാസ് ഉന്നതനെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. ഗാസയിലെ വിജയത്തിന് സമയമെടുക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾ ഇസ്രായേലിൽ തുടരുകയാണ്. ഇസ്രയേലിനെതിരെ വെസ്റ്റ് ബാങ്കിൽ പ്രകടനങ്ങൾ തുടരുന്നു. ദക്ഷിണ കൊറിയയിൽ കൂറ്റൻ ഇസ്രയേൽ അനുകൂല റാലി നടന്നു. ഗാസയിൽനിന്ന് രക്ഷപ്പെടാനായി ആയിരങ്ങൾ റഫ അതിർത്തിയിൽ തമ്പടിച്ചിരിക്കുമാകയാണ്. എന്നാൽ ഈജിപ്ത് ഈ അതിർത്തി പലസ്തീനികൾക്കായി തുറന്നിട്ടില്ല.