ഇസ്രയേൽ ആക്രമണം: ലെബനനിൽ മരണം 492 ആയി ഉയർന്നു,പരിക്കേറ്റവർ ആയിരത്തിലധികം
ബയ്റുത്ത്: ലെബനനിലെ ഇറാന്‍ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയ്ക്കുനേരേ യുദ്ധമുഖം തുറന്ന ഇസ്രയേല്‍ തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ 24 കുട്ടികളടക്കം 492 പേര്‍ മരിച്ചു. 2006-ലെ ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധത്തിനുശേഷം ഇത്രയധികംപേര്‍ ആക്രമണത്തില്‍ മരിക്കുന്നത് ഇപ്പോഴാണ്. ആയിരത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു.
ഹിസ്ബുള്ളയ്ക്കുനേരേയുള്ള സൈനികനടപടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തെക്കും കിഴക്കും ലെബനനില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങളോട് ഇസ്രയേല്‍സൈന്യം തിങ്കളാഴ്ച നിര്‍ദേശിച്ചിരുന്നു. ഹിസ്ബുള്ളയുടെ തെക്കന്‍ ലെബനനിലെ കമാന്‍ഡര്‍ അലി കരാകെയെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേല്‍ പറഞ്ഞു. 1300 ഇടത്ത് ആക്രമണം നടത്തിയെന്നും അറിയിച്ചു.
ബയ്റുത്ത്: ഹിസ്ബുള്ളയ്ക്കുനേരേയുള്ള ഇസ്രയേലിന്റെ ആക്രമണം ശക്തമായതോടെ തെക്കും കിഴക്കും ലെബനനില്‍നിന്ന് കൂട്ടപ്പലായനം. വ്യോമാക്രമണം വിപുലമാക്കുന്നതിന്റെ ഭാഗമായി ഇവിടങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. തെക്കുള്ള തുറമുഖനഗരമായ സീദോനില്‍നിന്നും മറ്റു പ്രദേശങ്ങളില്‍നിന്നും തലസ്ഥാനമായ ബയ്‌റുത്തിലേക്ക് ഒഴിഞ്ഞുപോകുന്നവരുടെ വാഹനങ്ങള്‍കൊണ്ട് റോഡുകള്‍ നിറഞ്ഞു. 2006-ലെ ഹിസ്ബുള്ള-ഇസ്രയേല്‍ യുദ്ധത്തിനുശേഷമുള്ള ഏറ്റവുംവലിയ പലായനമാണിത്.
ലെബനനിലെ സ്‌കൂളുകളും സര്‍വകലാശാലകളും അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. തെക്കുനിന്ന് പലയാനം ചെയ്യുന്നവര്‍ക്കായി അഭയകേന്ദ്രങ്ങള്‍ സജ്ജമാക്കിത്തുടങ്ങിയതായി സര്‍ക്കാര്‍ അറിയിച്ചു. അടിയന്തര ആവശ്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെക്കാന്‍ തെക്കന്‍ ലെബനനിലെയും കിഴക്കുള്ള ബെക്കാ വാലിയിലെയും ആശുപത്രികളോട് നിര്‍ദേശിച്ചു. ഇസ്രയേലിന്റെ ആക്രമണം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പരിക്കേറ്റെത്തുന്നവരെ ചികിത്സിക്കാനുള്ള സൗകര്യമൊരുക്കാനാണിത്.
സിറിയയുമായി അതിര്‍ത്തിപങ്കിടുന്ന ലെബനന്റെ കിഴക്കന്‍പ്രദേശത്തെ ബെക്കാ വാലി, മധ്യ ലെബനനിലെ ബാബിലോസ്, വടക്കുകിഴക്കുള്ള ബാല്‍ബെക്, ഹെര്‍മെല്‍ എന്നിവിടങ്ങളില്‍ വ്യോമാക്രമണമുണ്ടായി. ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തിയില്‍നിന്ന് 130 കിലോമീറ്റര്‍ ദൂരെയാണ് ബാബിലോസ്. 2023 ഒക്ടോബറില്‍ ഇസ്രയേല്‍-ലെബനന്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം ലെബനന് ഇത്ര ഉള്ളിലേക്ക് ആക്രമണം നടക്കുന്നത് ആദ്യമാണ്. ഒഴിഞ്ഞുപോകാന്‍ ലെബനന്‍കാരോട് ഇസ്രയേല്‍ ഉത്തരവിടുന്നതും ആദ്യമാണ്.
ഞായറാഴ്ച ഹിസ്ബുള്ള ഇസ്രയേലിനുനേരേ വിപുലമായ റോക്കറ്റാക്രമണം നടത്തിയതിനുപിന്നാലെയാണ് ഈ നടപടി. 150-ഓളം റോക്കറ്റും മിസൈലും ഡ്രോണും വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ള തൊടുത്തിരുന്നു. ഹിസ്ബുള്ളയുടെ ഉന്നത കമാന്‍ഡര്‍ ഇബ്രാഹിം ആഖില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനുള്ള തിരിച്ചടിയായിരുന്നു ഇത്.
ലെബനനില്‍ കരയാക്രമണത്തിന് ഇസ്രയേലിന് പദ്ധതിയില്ലെന്നും വ്യോമാക്രമണത്തിലൂടെ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണം നടത്താനുള്ള ശേഷി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഗലീലിയിലെ ഇസ്രയേലി സൈനിക പോസ്റ്റുകള്‍ക്കുനേരേ റോക്കറ്റാക്രമണം നടത്തിയെന്ന് ഹിസ്ബുള്ള അറിയിച്ചു. ഹൈഫയില്‍ സ്ഥിതിചെയ്യുന്ന റഫാല്‍ പ്രതിരോധ കമ്പനി ലക്ഷ്യമിട്ടും ആക്രമണമുണ്ടായി.