ഗാസയിൽ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; വ്യാഴാഴ്ച മാത്രം കൊല്ലപ്പെട്ടത് 100 പേർ

ഗാസാ സിറ്റി: ഗാസയില്‍ വ്യാഴാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണസംഖ്യ 100 കടന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 190 കുട്ടികളുള്‍പ്പെടെ 510 പേര്‍ മരിച്ചെന്ന് ഗാസയിലെ സിവില്‍ ഡിഫെന്‍സ് ഏജന്‍സി പറഞ്ഞു.
ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്ന നിലയില്‍ വ്യാഴാഴ്ച ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് ഹമാസ് റോക്കറ്റയച്ചു. റോക്കറ്റുകളിലൊന്ന് ആകാശത്തുെവച്ചുതന്നെ തടഞ്ഞെന്നും രണ്ടെണ്ണം ജനവാസമില്ലാത്ത മേഖലയിലാണ് പതിച്ചതെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.
വടക്കന്‍ ഗാസയില്‍ കരയാക്രമണം ആരംഭിച്ച ഇസ്രയേല്‍ തെക്കുള്ളവരെ ഇവിടേക്കു വരാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചു. വടക്കും തെക്കും ഗാസയെ ബന്ധിപ്പിക്കുന്ന പ്രധാനപാതയായ സലാഹുദ്ദീന്‍ റോഡിലൂടെ യാത്ര ചെയ്യരുതെന്നും വടക്കുനിന്ന് തെക്കോട്ടേക്കു പോകുന്നവര്‍ തീരപാതയിലൂടെ സഞ്ചരിക്കണമെന്നും ഉത്തരവിട്ടു.
വെടിനിര്‍ത്തല്‍ കരാര്‍ നിലനിര്‍ത്താനുള്ള ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നും ഇസ്രയേല്‍ ഉടന്‍ ആക്രമണം അവസാനിപ്പിക്കുകയും രണ്ടാംഘട്ട വെടിനിര്‍ത്തലിനുള്ള ചര്‍ച്ചയാരംഭിക്കുകയും വേണമെന്ന് ഹമാസ് പറഞ്ഞു. എന്നാല്‍, ഒന്നാംഘട്ട വെടിനിര്‍ത്തല്‍ നീട്ടണമെന്നാണ് ഇസ്രയേലും യു.എസും താത്പര്യപ്പെടുന്നത്.
ഇതിനുള്ള ഹമാസിന്റെ വിസമ്മതത്തെ, ബന്ദിമോചനത്തിനുള്ള സന്നദ്ധതയില്ലായ്മയായിട്ടാണ് വ്യാഖ്യാനിക്കുന്നത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി പിടിച്ചുകൊണ്ടുപോയ 251 പേരില്‍ 56 പേര്‍ ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് കരുതുന്നത്.