ഫത്തോര്‍ഡ: ഗോവയെ അവരുടെ മൈതാനത്ത് മൂന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ഐഎസ്എല്‍ ഷീല്‍ഡ് സ്വന്തമാക്കി മുംബൈ സിറ്റി എഫ്‌സി. ലീഗില്‍ രണ്ട് മത്സരം ശേഷിക്കെയാണ് ടീം ഷീല്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് മുംബൈ ഐഎസ്എല്‍ ഷീല്‍ഡ് നേടുന്നത്. സീസണില്‍ ഇതുവരെ മുംബൈ തോല്‍വിയറിഞ്ഞിട്ടില്ല.
കളിയാരംഭിച്ച് അഞ്ചാം മിനിറ്റില്‍ തന്നെ നോവ സദോയിയിലൂടെ ഗോവ മുന്നിലെത്തിയിരുന്നു. എന്നാല്‍ 18-ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റീവര്‍ട്ടിലൂടെ മുംബൈ തിരിച്ചടിച്ചു. 40-ാം മിനിറ്റില്‍ പെരെയ്‌ര ഡിയാസിലൂടെ മുംബൈ മുന്നിലെത്തുകയും ചെയ്തു. എന്നാല്‍ 42-ാം മിനിറ്റില്‍ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസിലൂടെ ഗോവ ഇത്തവണ ഒപ്പം പിടിച്ചു. രണ്ട് മിനിറ്റിനുള്ളില്‍ ഗ്രെഗ് സ്റ്റീവര്‍ട്ടിലൂടെ മുംബൈ വീണ്ടും ഒപ്പമെത്തി.
രണ്ടാം പകുതിയിലും ആക്രമണങ്ങള്‍ക്ക് ഇരുഭാഗത്തും കുറവുണ്ടായിരുന്നില്ല. 70-ാം മിനിറ്റില്‍ ബോക്‌സില്‍ വെച്ച് അന്‍വര്‍ അലിയുടെ കൈയില്‍ പന്ത് തട്ടിയതിന് റഫറി മുംബൈക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്ക് വലയിലെത്തിച്ച് 71-ാം മിനിറ്റില്‍ ലാലിയന്‍സുല ചാങ്‌തെ മുംബൈയുടെ നാലാം ഗോള്‍ നേടി. 77-ാം മിനിറ്റില്‍ വിക്രം സിങ്ങിലൂടെ മുംബൈ ഗോള്‍പട്ടിക തികച്ചു. 84-ാം മിനിറ്റില്‍ ബ്രിസണ്‍ ഫെര്‍ണാണ്ടസ് മൂന്നാം ഗോള്‍ നേടി ഗോവയുടെ തോല്‍വിഭാരം കുറച്ചു.
18 കളികളില്‍ നിന്ന് 14 ജയവും നാല് സമനിലയുമടക്കം 46 പോയന്റ് നേടിയാണ് മുംബൈ ഷീല്‍ഡ് ഉറപ്പിച്ചത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 27 പോയന്റുള്ള ഗോവ അഞ്ചാം സ്ഥാനത്താണ്.