KeralaNews

ഭാര്യയെ കടക്കെണിയിലാക്കി മുങ്ങി; പ്രജു ഐഎസില്‍ ചേര്‍ന്നകാര്യം അറിയുന്നത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലൂടെ

ബാലുശ്ശേരി:എട്ടുവർഷംമുമ്പ് നാടുവിട്ട ഭർത്താവ് പ്രജുവിനെപ്പറ്റി ബാലുശ്ശേരി സ്വദേശിയായ യുവതി അറിയുന്നത് കഴിഞ്ഞദിവസം മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞപ്പോൾ. നർക്കോട്ടിക് ജിഹാദ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്ന പിണറായി വിജയൻ ഐ.എസിൽ ചേർന്ന മലയാളികളുടെ പട്ടികയിൽ ബാലുശ്ശേരി തുരുത്യാട് സ്വദേശി പ്രജുവുമുൾപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു.

കിനാലൂർ മങ്കയം ആമിന ഉമ്മ കൊലക്കേസ് പ്രതികൂടിയായ പ്രജു (മുഹമ്മദ് അമീൻ) ഭാര്യയ്ക്കും വീട്ടുകാർക്കും വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കിയശേഷമാണ് നാടുവിട്ടത്. പണത്തിനുവേണ്ടി എന്തും ചെയ്യാൻ സാധ്യതയുള്ള ഇയാൾ ഭീകരസംഘടനയിലെത്തിയതിൽ അതിശയിക്കാനൊന്നുമില്ലെന്ന് യുവതി പറയുന്നു.

ഇയാൾ നാലു വിവാഹം കഴിച്ചിട്ടുണ്ട്. ഇവരെ വിവാഹം കഴിക്കുന്നതിന് മൂന്നുവർഷംമുമ്പ് പ്രജു ഇസ്ലാം മതം സ്വീകരിച്ചിരുന്നു. കടുത്ത മതവിശ്വാസം പുലർത്തിയിരുന്ന ഇയാൾ ആ വഴിക്ക് നീങ്ങാൻ സുന്നി വിശ്വാസിയായ തന്നെ നിർബന്ധിച്ചിരുന്നതായും അങ്ങനെ ചെയ്താൽ ഇഷ്ടംപോലെ പണം കിട്ടുമെന്നു പറഞ്ഞിരുന്നതായും യുവതി വെളിപ്പെടുത്തി

2009-ലാണ് മങ്കയം വാരിയമലയിലെ വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്ന വയോധിക ആമിന ഉമ്മ കൊലചെയ്യപ്പെട്ടത്. തെളിവില്ലാത്തതിനെത്തുടർന്ന് പ്രജുവിനെയും മറ്റൊരു പ്രതിയായ ആമിന ഉമ്മയുടെ മകളുടെ മകൻ മൻസൂറിനെയും കോടതി വെറുതെവിട്ടു. പോലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കിയതായി ആരോപിച്ച് അന്നവർ പത്രസമ്മേളനം നടത്തുകയും ചെയ്തു.

കോടതി കുറ്റവിമുക്തരാക്കിയെങ്കിലും കേസ് നടത്തിപ്പിനായി വലിയ സാമ്പത്തികച്ചെലവ് വന്നിരുന്നു. ഈയാവശ്യത്തിനായി ഭാര്യയുടെ ഉമ്മയുടെ പേരിലുള്ള ഏഴ് സെന്റ് സ്ഥലം സ്വകാര്യവ്യക്തിക്ക് പണയപ്പെടുത്തി ഇയാൾ ഏഴ് ലക്ഷം രൂപ വാങ്ങി.

യുവതിയുടെ പരിചയക്കാരും ബന്ധുക്കളുമായ പല വ്യക്തികളിൽനിന്നും കടംവാങ്ങിയിരുന്നു. വിവാഹസമയത്തുനൽകിയ 15 പവൻ സ്വർണവും കൈക്കലാക്കി. നാടുവിടുമ്പോൾ യുവതിയുടെ സ്കൂട്ടറും എടുത്തിരുന്നു. ഭർത്താവിനെ കാണാനില്ലെന്ന് പോലീസിൽ പരാതിനൽകിയിരുന്നെങ്കിലും വിവരമൊന്നും കിട്ടിയിരുന്നില്ല.

കിടപ്പാടവും പോയി, കടവും പെരുകി ജീവിക്കണോ മരിക്കണോ എന്ന അവസ്ഥയിലാണെന്ന് യുവതി പറയുന്നു. ഉമ്മയ്ക്കും മകനുമൊപ്പം തറവാട്ടുപറമ്പിലെ ചെറിയ വീട്ടിലാണ് ഇപ്പോൾ താമസം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button