ദുബായ്: ട്വന്റി-20 ലോകകപ്പിൽ പാകിസ്താനെതിരായ തോൽവിക്ക് പിന്നാലെ വിമർശനങ്ങൾ നേരിട്ട ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി മുൻതാരങ്ങളായ വീരേന്ദർ സെവാഗും ഇർഫാൻ പഠാനും. നിരവധി മോശം പരാമർശങ്ങളാണ് ഷമിക്കെതിരേ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഒരു മുസ്ലിം പാകിസ്താനോടൊപ്പം നിൽക്കുന്നുവെന്നും ഇങ്ങനെ കളിക്കാൻ എത്ര പണം കിട്ടി എന്നുമെല്ലാം ആളുകൾ കമന്റുകളിട്ടു.
ഈ വിഡ്ഢിത്തം നിർത്തൂ എന്നായിരുന്നു ഇതിനെല്ലാം പഠാന്റെ മറുപടി. ‘ഞാനും ഇന്ത്യ-പാകിസ്താൻ മത്സരങ്ങളുടെ ഭാഗമായിട്ടുണ്ട്. അന്നും ഇന്ത്യ പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ പാകിസ്താനിലേക്ക് പോകൂ എന്ന തരത്തിലെ മോശം പ്രതികരണങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. കുറച്ചു വർഷങ്ങൾ മാത്രം മുമ്പുള്ള ഇന്ത്യയെ കുറിച്ചാണ് ഞാൻ പറയുന്നത്. ഈ വിഡ്ഢിത്തം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു’, പഠാൻ ട്വീറ്റ് ചെയ്തു.
ഷമിക്കെതിരായ സൈബർ ആക്രമണം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹത്തിന് പിന്തുണ നൽകുന്നുവെന്നും സെവാഗ് ട്വീറ്റ് ചെയ്തു. അദ്ദേഹം ചാമ്പ്യനാണ്. ഇന്ത്യക്കായി കളിക്കുന്നവരുടേയെല്ലാം ഹൃദയത്തിലും ഇന്ത്യ മാത്രമാണുള്ളത്. നിന്റെ കൂടെയുണ്ട് ഷമി. അടുത്ത മത്സരത്തിൽ നമുക്ക് അടിച്ചുപൊളിക്കാം, സെവാഗ് ട്വീറ്റിൽ പറയുന്നു.
മത്സരത്തിൽ 3.5 ഓവർ എറിഞ്ഞ ഷമി 43 റൺസ് വിട്ടുകൊടുത്തിരുന്നു. വിക്കറ്റുകളൊന്നും നേടിയിരുന്നില്ല. ലോകകപ്പിൽ ഇന്ത്യക്കെതിരേ പാകിസ്താന്റെ ആദ്യ വിജയമായിരുന്നു ഇത്. ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങി പത്ത് വിക്കറ്റിന്റെ ആധികാരിക വിജയമാണ് പാകിസ്താൻ സ്വന്തമാക്കിയത്.