റെയ്‌സിയെക്കുറിച്ച് ഇതുവരെയും വിവരമില്ല; അടിയന്തരയോഗം വിളിച്ച് ഖമീനി, പ്രാർഥനയോടെ ഇറാൻ
ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയ്ക്കായി തിരച്ചിൽ ശക്തമാക്കി ഇറാൻ. 12 മണിക്കൂർ പിന്നിട്ടിട്ടും അദ്ദേഹത്തെ കണ്ടെത്താനാകാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അതിനിടെ, ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനി ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ചു.
രക്ഷാദൗത്യത്തിന് ഇറാന് സഹായവവുമായി റഷ്യയും തുർക്കിയും രംഗത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക സംഘത്തെ അയച്ചതായി ഇരുരാജ്യങ്ങളും അറിയിച്ചു. പ്രത്യേക പരിശീലനം ലഭിച്ച 47 പേരടങ്ങുന്ന സംഘത്തേയും ഒരു ഹെലികോപ്റ്ററും റഷ്യ അയച്ചതായാണ് റിപ്പോർട്ട്.
റെയ്സിയും ഒപ്പമുണ്ടായിരുന്ന വിദേശകാര്യമന്ത്രി അമീർ അബ്ദുള്ളാഹിയാനും അപകടത്തിലാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ ‘റോയിട്ടേഴ്സി’നോടു പറഞ്ഞിരുന്നു. എന്നാൽ, പ്രസിഡന്റിന്റെ വിമാനം ഇടിച്ചിറക്കിയെന്ന വിവരമേ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുള്ളൂ.
ഇബ്രാഹിം റെയ്സിയുടെ ഹെലികോപ്റ്റർ അപകടവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക അറിയിച്ചു. ഈ അവസരത്തിൽ തങ്ങൾ ഇറാൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. പ്രസിഡന്റിന്റേയും അദ്ദേഹത്തിനൊപ്പമുള്ളവരുടേയും ക്ഷേമത്തിനായി പ്രാർഥിക്കുവന്നുവെന്നും മോദി എക്സിൽ കുറിച്ചു. റിപ്പോർട്ടുകൾക്ക് പിന്നാലെ, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തന്റെ അവധിക്കാലം വെട്ടിച്ചുരുക്കി അടിയന്തര യോഗത്തിനായി വൈറ്റ് ഹൗസിലേക്ക് മടങ്ങി.
കിഴക്കൻ അസർബയ്ജാനിലെ ജോഫയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അസർബയ്ജാനുമായിച്ചേർന്ന അതിർത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകൾ ഉദ്ഘാടനംചെയ്തശേഷം വടക്കുപടിഞ്ഞാറൻ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുകയായിരുന്നു റെയ്സി.
മൂന്നു ഹെലികോപ്റ്ററുകൾ അദ്ദേഹത്തിന്റെ വ്യൂഹത്തിലുണ്ടായിരുന്നുവെന്നും രണ്ടെണ്ണം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായെത്തിയെന്നും തസ്നിം വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. പ്രസിഡന്റും വിദേശകാര്യമന്ത്രിയും പ്രാദേശിക ഉദ്യോഗസ്ഥരും യാത്രചെയ്തിരുന്ന ഹെലികോപ്റ്റർ എത്തിയിട്ടില്ലെന്ന് മറ്റൊരു മാധ്യമമായ ‘ഷർഗ്’ അറിയിച്ചു. എന്നാൽ, മോശം കാലാവസ്ഥമൂലം ഹെലികോപ്റ്ററുകൾ ഇടിച്ചിറക്കിയെന്നും പ്രസിഡന്റിന്റെ വിമാനവുമായി ആശയവിനിമയബന്ധം സ്ഥാപിക്കാനാകുന്നില്ലെന്നുമാണ് ആഭ്യന്തരമന്ത്രി അഹമ്മദ് വാഹിദി പറഞ്ഞത്.
1960-ൽ ജനിച്ച റെയ്സി, ടെഹ്റാനിലെ പ്രോസിക്യൂട്ടർ ജനറലും നിയമകാര്യവിഭാഗത്തിന്റെ ഉപമേധാവിയും രാജ്യത്തിന്റെ പ്രോസിക്യൂട്ടർ ജനറലുമായിരുന്നശേഷമാണ് പ്രസിഡൻറായത്. ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയുടെ മാനസപുത്രനാണ്.