ന്യൂഡല്‍ഹി:ഇന്ത്യന്‍ പീനല്‍ കോഡും ക്രിമിനല്‍ പ്രൊസീജിയര്‍ കോഡും, എവിഡന്‍സ് ആക്ടും ഇനി ചരിത്രത്തിന്റെ ഭാഗം. നിലവിലെ ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരമുള്ള ബില്ലുകള്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. ഭാരതീയ ന്യായ സംഹിത, ഭാരതീയ സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവ ഇതോടെ പുതിയ നിയമങ്ങളായി മാറി.
നേരത്തെ ഈ ബില്ലുകള്‍ക്ക് പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് രാഷ്ട്രപതി ഇതില്‍ ഒപ്പുവച്ചത്. 1860ല്‍ അവതരിപ്പിക്കപ്പെട്ട ഇന്ത്യന്‍ പീനല്‍ കോഡ്, 1898ലെ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ്, 1872ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരമായിട്ടായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചത്.
ഭീകരവാദത്തിന്റെ വിപുലീകരിച്ച നിര്‍വചനം, ആള്‍ക്കൂട്ട കൊലപാതകത്തിനുള്ള ശിക്ഷ തുടങ്ങി നിരവധി മാറ്റങ്ങളുമായാണ് പുതിയ ക്രിമിനല്‍ നിയമങ്ങളെത്തുന്നത്. ഇതിനുപുറമെ പല സുപ്രധാന മാറ്റങ്ങളും ബില്ലില്‍ ഉള്‍പ്പെടുന്നുണ്ട്. പുതിയ ഭേദഗതിയോടെ സിആര്‍പിസിയില്‍ 9 പുതിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2023 ഓഗസ്റ്റിലായിരുന്നു ആദ്യമായി ഈ ബില്ലുകൾ കേന്ദ്ര സർക്കാർ സഭയിൽ അവതരിപ്പിച്ചത്. അവിടെനിന്നും പല ഭേദഗതികളും മാറ്റങ്ങളും ഉൾപ്പെടുത്തിയ രണ്ടാമത്തെ രൂപമാണ് നിലവിൽ രാഷ്ട്രപതി ഒപ്പുവച്ചത്.
നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും പഴയ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ അതേ ചട്ടക്കൂടിൽനിന്നുകൊണ്ടാണ് പുതിയ നിയമസംഹിതയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. രാജ്യദ്രോഹക്കുറ്റം എടുത്തുകളഞ്ഞെങ്കിലും സർക്കാരിനെതിരെയുള്ള വിമത ശബ്‍ദങ്ങളെ നിശബ്ദമാക്കാനുള്ള വകുപ്പുകൾ ഭാരതീയ ന്യായ സംഹിതയിൽ ഉണ്ടെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര മന്ത്രി അവകാശപ്പെടുന്നത് പോലെ വിപ്ലവകരമായ മാറ്റങ്ങളൊന്നും കൊണ്ടുവരാനായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
അതേസമയം, തീവ്രവാദത്തെ നിർവചിക്കുക, ആൾക്കൂട്ട കൊലപാതകങ്ങൾക്ക് പരമാവധി ശിക്ഷ, വാഹമിനിടിച്ചിട്ടിട്ട് നിർത്താതെ പോകുന്നതിന് പത്ത് വർഷം തടവ് എന്നിങ്ങനെ ചില കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട്. വിവാഹേതര ബന്ധം കുറ്റകൃത്യമാക്കണമെന്ന് പാർലമെന്ററി സമിതിയുടെ ശുപാർശ ഉണ്ടായിരുന്നെങ്കിലും സുപ്രീംകോടതിയുടെ വിധിയെ റദ്ദ് ചെയ്യുന്ന തീരുമാനാകുമെന്നതിനാൽ അതൊഴിവാക്കിയിട്ടുണ്ട്.
ബലാത്സംഗത്തിന് ഇരയായവരുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തിൽ കോടതി നടപടികൾ കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള വകുപ്പ് പുതിയ നിയമത്തിൽ ഉൾച്ചേർത്തിട്ടുണ്ട്. ബലാത്സംഗ കേസുകളിലെ വിചാരണ വേളയിൽ തന്ത്രപ്രധാനമായ വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന മാധ്യമ കവറേജ് തടയാനാണ് ഈ വകുപ്പ്.
ഇന്ത്യൻ പീനൽ കോഡിന് (ഐപിസി) പകരം വയ്ക്കാൻ ഉദ്ദേശിച്ചുള്ള ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) ബിൽ, 2023ൽനിന്ന് നേരത്തെയുണ്ടായിരുന്ന സെക്ഷൻ 377 ഒഴിവാക്കി. എല്ലാ ലിംഗഭേദങ്ങളിലും ഓറിയന്റേഷനിലുമുള്ള മുതിർന്നവർക്കിടയിൽ നടക്കുന്ന സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധവും മൃഗങ്ങൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളെയും ക്രിമിനൽ കുറ്റമാക്കുന്നതായിരുന്നു ഈ വകുപ്പ്.
രാഷ്ട്രീയമോ സാമ്പത്തികമോ സാമൂഹികമോ ആയ ഘടനകളെ അസ്ഥിരപ്പെടുത്തുന്നതിനോ തകർക്കുന്നതിനോ വേണ്ടിയുള്ള ശ്രമമായിരുന്നു മുൻപ് തീവ്രവാദമെന്നതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. അതിനെയെല്ലാം നിരാകരിച്ചുകൊണ്ട് “പരമാധികാരം”, “സാമ്പത്തിക സുരക്ഷ”, “ധന സ്ഥിരത” തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ബിൽ അവതരിപ്പിച്ചിരിക്കുന്നത്.