ഡ്രൈവിംഗിനിടെ ഗെയിം കളിക്കാനുള്ള സൗകര്യം; ടെസ്ലയ്‌ക്കെതിരെ അന്വേഷണം
ന്യൂയോര്‍ക്ക്: വാഹനം ഓടിക്കുന്നതിനിടെ ടച്ച്-സ്‌ക്രീനില്‍ വീഡിയോ ഗെയിമുകള്‍ കളിക്കാന്‍ ഡ്രൈവര്‍മാരെ അനുവദിക്കുന്നെന്ന പരാതിയെത്തുടര്‍ന്നു വാഹനനിര്‍മാതാക്കളായ ടെസ്ലയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ച് യുഎസ്. ടച്ച് സ്‌ക്രീന്‍ ഘടിപ്പിച്ച 5.80 ലക്ഷം ടെസ്ല കാറുകളെ കുറിച്ചാണ് അന്വേഷണം നടത്തുക.
ഡ്രൈവിംഗിനിടെ ഗെയിമുകള്‍ കളിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയ ഒരു ഉപയോക്താവ് നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. 2017 മുതല്‍ നിര്‍മിച്ച ടെസ്ലയുടെ 3, എസ്, എക്‌സ് മോഡലുകളെ കുറിച്ചാണ് യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍(എഎച്ച്ടിഎസ്എ) അന്വേഷണം നടത്തുന്നത്. അതേസമയം, പരി ശോധനയെ കുറിച്ച് ടെസ്ല കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാഹനം ഓടിക്കുമ്പോഴും സെന്‍ട്രല്‍ ടച്ച്-സ്‌ക്രീനില്‍ വീഡിയോ ഗെയിമുകള്‍ കളിക്കാന്‍ സാധിക്കുമെന്ന് യുട്യൂബ് വീഡിയോയിലൂടെ മാധ്യമപ്രവര്‍ത്തകനായ വിന്‍സ് പാറ്റണ്‍ ചൂണ്ടിക്കാട്ടിയിരുന്നു. ‘പാസഞ്ചര്‍ പ്ലേ’ എന്ന ഈ സൗകര്യം യാത്രക്കാര്‍ക്ക് മാത്രമുള്ളതാണെങ്കിലും ഡ്രൈവിംഗിനിടെയും കളിക്കാമെന്നാണ് പാറ്റണ്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് എഎച്ച്ടിഎസ്എയില്‍ പരാതി നല്‍കുകയായിരുന്നു.
പാസഞ്ചര്‍ പ്ലേ ഡ്രൈവറുടെ ശ്രദ്ധ തിരിക്കുകയും അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്‌തേക്കാം എന്ന് എഎച്ച്ടിഎസ്എ അഭിപ്രായപ്പെട്ടു. 2020 ഡിസംബര്‍ മുതലാണ് ഈ ഫീച്ചര്‍ ലഭ്യമായിരുന്നത്. മുമ്പ് വാഹനം പാര്‍ക്ക് മോഡില്‍ ആയിരിക്കുമ്പോള്‍ മാത്രമായിരുന്നു ഗെയിം ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കിയിരുന്നത്.