പുടിനെ അറസ്റ്റ് ചെയ്യാൻ ശ്രമവുമായി അന്താരാഷ്ട്ര ക്രിമിനൽ കോടതി, റഷ്യ രാഷ്ട്രീയ അസ്ഥിരതയിലേക്ക്?
മോസ്കോ: പ്രസിഡന്റ് വ്‌ളാദിമിർ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥർ പരിഭ്രാന്തിയിലാണെന്ന് റിപ്പോർട്ട്. യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് കഴിഞ്ഞ മാസമാണ് ഐസിസി പുടിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. തുടർനടപടികൾ ചർച്ച ചെയ്യാൻ ക്രെംലിനിൽ ഒരു പ്രത്യേക യോഗം സംഘടിപ്പിച്ചതായി ഉദ്യോഗസ്ഥരിൽ പലരും പറഞ്ഞതായി മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് റഷ്യ യുക്രൈനിൽ ആക്രമണം തുടങ്ങിയത്. യുക്രൈനിൽ നിന്ന് കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തി എന്നത് ഉൾപ്പടെയുള്ള കുറ്റങ്ങളാണ് പുടിനെതിരെ ചുമത്തിയിട്ടുള്ളത്. 2022 ഫെബ്രുവരി 24 മുതലാണ് യുക്രൈനിൽ കുറ്റകൃത്യങ്ങൾ നടന്നതെന്ന് ഐസിസി പറയുന്നു.
ഈ നീക്കത്തെ റഷ്യ അപലപിച്ചു, എന്നാൽ ഇനി ഉണ്ടാകാൻ പോകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് റഷ്യ ആശങ്കയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് റഷ്യയിലെ സർക്കാരിനെ അട്ടിമറിക്കാനുള്ള ആഹ്വാനമാണെന്ന് ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാർട്ടിയിൽ നിന്നുള്ള മുതിർന്ന പ്രതിനിധി പറഞ്ഞതായി മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഐസിസിയുടെ തീരുമാനത്തിന്റെ പേരിലുണ്ടാകാൻ സാധ്യതയുള്ള രാഷ്ട്രീയ അസ്ഥിരതയെക്കുറിച്ചും ലോകത്തിന് മുന്നിൽ പുടിന്റെ പ്രതിഛായയ്ക്ക് അത് മങ്ങലേൽപ്പിക്കുന്നതിനെക്കുറിച്ചും ഏഴ് ഉന്നതോദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചതായി മോസ്കോ ടൈംസ് പറയുന്നു.
റഷ്യയിൽ പുടിന്റെ അധികാരത്തെ ആരും ചോദ്യം ചെയ്യാത്ത സ്ഥിതിയാണുള്ളത്. അതുകൊണ്ടുതന്നെ റഷ്യ അദ്ദേഹത്തെ ഐസിസിക്ക് കൈമാറാൻ ഒരു സാധ്യതയുമില്ല. റഷ്യയിൽ കഴിയുന്ന കാലത്തോളം പുടിൻ അറസ്റ്റിലാകാനുള്ള സാധ്യതയുമില്ല. റഷ്യ വിട്ടാൽ അദ്ദേഹത്തെ തടങ്കലിൽ ആക്കിയേക്കാം എന്നതിനാൽ വിദേശയാത്രകൾ നിയന്ത്രിക്കേണ്ടി വന്നേക്കാം.
മാർച്ച് 17നാണ് ഐസിസി പുടിനും റഷ്യൻ ബാലാവകാശ കമ്മീഷണർക്കും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഐസിസി തീരുമാനത്തെ ചരിത്രപരമായത് എന്നാണ് യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി വിശേഷിപ്പിച്ചത്.