ഹേഗ്: റഷ്യ-യുക്രൈൻ യുദ്ധം (Russia Ukraine War) രൂക്ഷമായി തുടരുന്നതിനിടെ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്നുണ്ടാകും. റഷ്യൻ അധിനിവേശത്തെക്കുറിച്ചുള്ള യുക്രൈന്‍റെ പരാതിയിൽ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് ഇന്ന് വിധി പറയുക. റഷ്യ തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറുകയും അനധികൃതമായി യുദ്ധത്തിനെത്തുകയുമായിരുന്നെന്നുമാണ് യുക്രൈൻ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പരാതിപ്പെട്ടിരിക്കുന്നത്. യുദ്ധം ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്ന ലോക ജനത അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി പ്രത്യാശയോടെയാണ് കാത്തിരിക്കുന്നത്.
അതിനിടെ നേതാക്കൾക്കുള്ള അമേരിക്കൻ വിലക്കിന് മറുപടിയുമായി റഷ്യയും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനടക്കമുള്ളവർക്ക് റഷ്യ പ്രവേശന വിലക്കേർപ്പെടുത്തിയതായി വിവിധ അന്താരാഷ്ട്രാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജോ ബൈഡൻ ഉൾപ്പെടെ അമേരിക്കിയിലെ 13 പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങൾക്കാണ് റഷ്യ വിലക്കേർപ്പെടുത്തിയതെന്നാണ് വ്യക്തമാകുന്നത്. അമേരിക്കൻ സ്റഅറേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ, ഹിലാരി ക്ലിന്‍റൻ, അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോഡിഡ് ഓസ്റ്റിൻ, സി ഐ എ മേധാവി വില്യം ബെൻസ് എന്നിവരടക്കമുള്ളവർക്കാണ് നിരോധനം.
Russia sanctions US President Joe Biden and several top US officials: AFP News Agency
— ANI (@ANI) March 15, 2022
റഷ്യ യുക്രൈന്‍ യുദ്ധത്തിനിടെ അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിൽ ലോകമാകെ പ്രതിഷേധം ഉയരുകയാണ്. കീവിൽ റഷ്യൻ ആക്രമണത്തിലാണ് അമേരിക്കന്‍ ടിവി ചാനലായ ഫോക്സ് ന്യൂസ് വീഡിയോ ജേണലിസ്റ്റ് പിയർ സക്റ്ഷെവ്സ്‌കിയാണ് കൊല്ലപ്പെട്ടതെന്നാണ് വ്യക്തമാകുന്നത്. ഇദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനായ ബെഞ്ചാമിന്‍ ഹാളിനും ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കീവിന് വെളിയില്‍ ഹൊറെന്‍കയില്‍ വച്ചാണ് യാത്രയ്ക്കിടയില്‍ ഇവരുടെ വാഹനത്തിനെതിരെ വെടിവയ്പ്പ് ഉണ്ടായത്. ഹാള്‍ ഇപ്പോള്‍ യുക്രൈന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഒരാഴ്ചയ്ക്കിടെ യുക്രൈനില്‍ കൊല ചെയ്യപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് പിയർ സക്റ്ഷെവ്സ്‌കി. നേരത്തെ ഡാനിയലോ ഷെവലപ്പോവ് എന്ന് ഫ്രീലാന്‍സ് അമേരിക്കന്‍ ജേര്‍ണലിസ്റ്റ് കീവിന് സമീപം കൊല്ലപ്പെട്ടിരുന്നു.
Pierre Zakrzewski, a longtime Fox photojournalist, was killed while reporting in Ukraine, the network said on Tuesday https://t.co/15ZVH2Dq6n
— CNN Breaking News (@cnnbrk) March 15, 2022
അതേസമയം ജനവാസമേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കിയതോടെ യുക്രൈനിലെ നഗരങ്ങൾ ശവപ്പറമ്പായി മാറുകയാണ്. തലസ്ഥാനമായ കീവിൽ ജനങ്ങളെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളിൽ നിരവധിപ്പേർ കൊല്ലപ്പെട്ടു. കീവ് നഗരത്തിൽ മിസൈലുകൾ പതിച്ചത് ജനവാസ കേന്ദ്രത്തിലും മെട്രോ സ്റ്റേഷനിലുമായിരുന്നെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജനവാസ മേഖലകളിൽ ആക്രമണം കടുത്തതോടെ കീവിൽ 35 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ചു. പടിഞ്ഞാറൻ നഗരമായ റിവ്നിയിൽ ടെലിവിഷൻ
ടവറിന് നേരെയുണ്ടായ ആക്രമണത്തിൽ ഒന്പത് പേർ കൊല്ലപ്പെട്ടു. കർകീവിൽ വ്യോമാക്രമണത്തിൽ രണ്ടുപേർ മരിച്ചെന്നും റിപ്പോർട്ടുകളുണ്ട്. യുക്രൈനിലെ പ്രധാനപ്പെട്ട പത്തു നഗരങ്ങളിലും റഷ്യൻ ആക്രമണം തുടരുകയാണെന്നാണ് വ്യക്തമാകുന്നത്.
പോളണ്ട് അതിർത്തിവരെ വ്യോമാക്രമണം ശക്തമായതോടെ നാറ്റോ അംഗരാജ്യങ്ങൾ നിലപാട് കടുപ്പിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ചർച്ചകൾക്കായി ഈമാസം 23 ന് യുറോപ്പിലെത്തും. യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സീലൻസ്കിയെ നേരിൽ കണ്ട് പിന്തുണ അറിയിക്കാനായി പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക് , സ്ലോവേനിയ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ
കീവിൽ എത്താൻ തീരുമാനിച്ചിട്ടുമുണ്ട്.
അതിനിടെ റഷ്യയിൽ യുദ്ധവിരുദ്ധ പ്രചാരണം നടത്തുന്നവർക്ക് എതിരായ നടപടി കർശനമാക്കി. റഷ്യൻ വാർത്ത ചാനലിൽ തത്സമയ സംപ്രേക്ഷണത്തിനിടെ യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശിപ്പിച്ച മാധ്യമ പ്രവർത്തക മറീന ഒസണ്ണിക്കോവയെ റഷ്യൻ പൊലീസ് അറസ്റ്റു ചെയ്തു. മാധ്യമ പ്രവർത്തക കാട്ടിയത് രാജ്യദ്രോഹമാണെന്നും ഇത്തരം നടപടികളെ കർശനമായി നേരിടുമെന്നും റഷ്യൻ സർക്കാർ വക്താവ് പറഞ്ഞു. ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ചാനൽ അറിയിച്ചു. അകാരണമായി യുദ്ധം സൃഷ്ടിച്ച ശേഷം ചാനലിലൂടെ നുണ പറയുന്നത് മനസാക്ഷിക്ക് നിരക്കാത്തതാണെന്നും അതിനാൽ താൻ പ്രതികരിക്കുകയാണെന്നും മറീന പറയുന്ന വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.