മലപ്പുറം: ട്രോളി ബാഗിന് സപ്പോർട്ടിനായി നൽകുന്ന ലോഹ ദണ്ഡിന് പകരമായി സ്വർണ്ണ ദണ്ഡ് പിടിപ്പിച്ച ശേഷം മെർക്കുറിയിൽ പൊതിഞ്ഞ് വെള്ളി നിറത്തിലാക്കി സ്വർണക്കടത്ത്. കരിപ്പൂരിൽ മലപ്പുറം സ്വദേശി പൊലീസ് പിടിയിൽ. ഒരു കിലോ വെള്ളിയിൽ പൊതിഞ്ഞ സ്വർണം കടത്താൻ ശ്രമിച്ചയാളെ കരിപ്പൂർ പൊലീസാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പിടികൂടിയത്.
അബുദാബിയിൽ നിന്നും ദുബായ് വഴി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം തിരൂർ കൂട്ടായി സ്വദേശി അനീഷ് ബാബു (25) ആണ് പിടിയിലായത്. ട്രോളി ബാഗിനകത്ത് രണ്ട് റോഡുകളായി 1002 ഗ്രാം സ്വർണം മെർകുറിയിൽ പൊതിഞ്ഞ് വെള്ളി നിറത്തിലാക്കി ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. അഭ്യന്തര വിപണിയിൽ 52 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വർണ്ണത്തിന്. ഇന്നു രാവിലെ 9.45നു അബൂദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് അനീഷ് ബാബു എത്തിയത്.
കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിയോടെ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ അനീഷ് തന്നെ കൂട്ടാനെത്തിയ സുഹൃത്തുക്കളോടൊപ്പം കാറിൽ കയറി പുറത്തേക്ക് പോകും വഴി ഗേറ്റിനടുത്ത് വച്ചാണ് അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുചിത് ദാസിനു ലഭിച്ച വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ അനീഷ് വിസമ്മതിച്ചു. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പൊലീസ് വിശദമായി പരിശോധിച്ചു. എന്നാൽ സ്വർണം കണ്ടെടുക്കാൻ കഴിയാത്തതിനെതുടർന്ന് അനീഷിന്റെ ട്രോളി ബാഗ് വിശദമായ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
ബാഗിന് സപ്പോർട്ടിനായി നൽകുന്ന ലോഹ ദണ്ഡിന് പകരമായി സ്വർണ്ണ ദദണ്ഡ് പിടിപ്പിച്ച് അത് അലൂമിനിയം പാളികൊണ്ട് കവർ ചെയ്ത ശേഷം പ്ലാസ്റ്റിക് ഷീറ്റ്കോണ്ട് കവർ ചെയ്ത് സ്‌ക്രൂചെയ്ത് ബാഗിന്റെ ഉൾഭാഗത്ത് ഉറപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെടുത്തത്. അനീഷിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട് കസ്റ്റംസിനും സമർപ്പിക്കും.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് പിടികൂടുന്ന 63-ാമത്തെ സ്വർണക്കടത്ത് കേസാണിത്.