‘റോക്കറ്റ് പരസ്‌പരം അയക്കുന്നതിന് പകരം നക്ഷത്രങ്ങളിലേക്ക് അയക്കൂ’ഇറാനും ഇസ്രയേലിനും മസ്‌കിന്റെ ഉപദേശം
കാലിഫോർണിയ:പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷം ആഗോളതലത്തിൽ ആശങ്കയുയർത്തിയിട്ടുണ്ട്. ഏപ്രിൽ13ന് ഇറാൻ ഇസ്രയേലിന് നേരെ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് ഇറാന് നേരെ ഇസ്രയേലും അപ്രതീക്ഷിത വ്യോമാക്രമണം നടത്തി. ഇതോടെ ആഗോളവിപണിയിൽ എണ്ണവില ഉയരുകയും ചെയ്‌തു.
ഇതിനിടെ ലോകനേതാക്കളോട് സമാധാനമായി ഇരിക്കുന്നതിന് ആവശ്യപ്പെട്ടിരിക്കുകയാണ് ടെസ്‌ല മേധാവി ഇലോൺ മസ്‌ക്. തന്റെ സമൂഹമാദ്ധ്യമ പ്ളാറ്റ്‌ഫോമായ എക്‌സിലൂടെയാണ് മസ്‌ക് ഇക്കാര്യം ആവശ്യപ്പെടുന്നത്.
‘നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ട, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം’ എന്നാണ് മസ്‌ക് കുറിച്ചത്. 50,000ത്തോളം റഷ്യൻ സൈനികർ യുക്രെയിനിൽ മരിച്ചതായി റിപ്പോർട്ട് വന്നത് കഴിഞ്ഞദിവസമാണ്. റഷ്യൻ-യുക്രെയിൻ യുദ്ധവും ഇസ്രയേൽ-ഇറാൻ സംഘർഷവും സ്ഥിതിഗതികൾ സംഘർഷ ഭരിതമാക്കുന്നതിനിടെയാണ് മസ്‌കിന്റെ നിർദ്ദേശം.
ഇറാൻ പ്രധാന നഗരമായ ഇസഫഹാനിലാണ് ഇസ്രയേലിന്റെ ആപ്രതീക്ഷിതമായ ഡ്രോൺ ആക്രമണം ഇന്നുണ്ടായത്. യുഎസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് എബിസി ന്യൂസാണ് വാർത്ത പുറത്തുവിട്ടത്. ഇസ്രയേലിന്റെ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാൻ രംഗത്തെത്തി.
ഇസ്രായേലിന്റെ ഡ്രോൺ ആക്രമണം ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും, വ്യോമ പ്രതിരോധ സംവിധാനത്തിലൂടെ മൂന്ന് ഡ്രോണുകൾ തകർത്തുവെന്നാണ് ഇറാൻ അറിയിച്ചത്.നതാൻസ് ആണവ കേന്ദ്രം ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ഇറാന്റെ നിർണായക പ്രദേശമാണ് ഇസഫഹാൻസ് പ്രവിശ്യ. ഡ്രോൺ ആക്രമണം ആണവ കേന്ദ്രത്തെ ബാധിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി.