CrimeKeralaNews

ഇൻസ്റ്റാ താരത്തിൻ്റെ മരണം; സൈബര്‍ ആക്രമണത്തെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും

തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിനി യൂട്യൂബറുടെ ആത്മഹത്യക്ക് കാരണം എന്ന് കരുതുന്ന സൈബർ ആക്രമണത്തെക്കുറിച്ച് പൊലീസ് പരിശോധിക്കും. പെൺകുട്ടിയുടെ സുഹൃത്ത് ആയ യുവാവിന്റെ അടക്കം സമൂഹമാധ്യമ അക്കൗണ്ടുകൾ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. നിലവിൽ ആസ്വാഭാവിക മരണത്തിനാണ് പൂജപ്പുര പൊലീസ് കേസെടുത്തിട്ടുള്ളത്. മരിച്ച പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴി ഇന്നലെ തന്നെ രേഖപ്പെടുത്തിയിരുന്നു.

ആത്മഹത്യാക്കുറിപ്പ് ഒന്നും ലഭിക്കാത്ത പശ്ചാത്തലത്തിൽ വീട്ടിൽ വിശദമായ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. കടുത്ത സൈബർ ആക്രമണത്തിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരോപണം.

ആരോപണം പരാതിയായി ലഭിച്ചിട്ടില്ലെങ്കിലും സൈബർ ആക്രമണത്തെക്കുറിച്ച് പൊലീസ് വിശദമായി പരിശോധിക്കും. സമൂഹമാധ്യമങ്ങളിലെ ചില അക്കൗണ്ടുകൾ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. പെൺകുട്ടിയുടെ സുഹൃത്ത് നെടുമങ്ങാട് സ്വദേശിയായ യുവാവിനെയും ചോദ്യം ചെയ്തേക്കും. ആത്മഹത്യയ്ക്ക് പിന്നിൽ മറ്റു കാരണങ്ങൾ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. ഇൻസ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തിയാർജ്ജിച്ച പെൺകുട്ടി സുഹൃത്തുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണമായിരുന്നു നേരിട്ടിരുന്നത്. ഇപ്പോൾ നിരവധി കമന്റുകളാണ് പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ നിറഞ്ഞിരിക്കുന്നത്. വ്യക്തിപരമായ ആക്രമണങ്ങളാണ് മിക്കവയും. സുഹൃത്തുക്കൾ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button