ആഡംബര സ്പാ, അത്യാധുനിക ജിം; വ്ളാഡിമിർ പുടിൻ്റെ ‘ഗോസ്റ്റ് ട്രെയിന്‍’ വിവരങ്ങള്‍ പുറത്ത്
മോസ്കോ: എന്നും രഹസ്യസ്വഭാവം സൂക്ഷിക്കുന്ന ആളാണ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. അദ്ദേഹത്തിൻ്റെ ജീവിതം നിഗൂഢതകൾ നിറഞ്ഞതാണെന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. യുക്രെയ്ൻ യുദ്ധം പരിഭ്രാന്തനാക്കിയ പുടിൻ കൊല്ലപ്പെടുമെന്ന ഭയത്താൽ വിമാനയാത്രകൾ വരെ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. വിമാനത്തിന് പകരം അദ്ദേഹം യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന ട്രെയിനിൻ്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഒരു റെയിൽവെ ടൈംടേബിളിലോ പൊതുസംവിധാനത്തിലോ കണ്ടെത്താൻ കഴിയാത്തതിനാൽ ‘പ്രേത ട്രെയിൻ’ എന്നാണ് പുടിൻ്റെ രഹസ്യ ട്രെയിൻ അറിയപ്പെടുന്നത്.
ആരുമറിയാതെ റഷ്യയിലുടനീളം യാത്ര ചെയ്യാൻ പുടിൻ ഈ ആഡംബര ട്രെയിൻ ഉപയോഗിക്കുന്നു. പ്രസിഡൻ്റിൻ്റെ യാത്രക്കിടെ ട്രെയിനിൽ നടന്ന യോഗങ്ങളുടെ ചിത്രങ്ങൾ മുൻപ് പുറത്ത് വന്നിരുന്നു. വാഗണുകളും അലങ്കരിച്ച ബോർഡ‍് റൂമും ഉണ്ട് എന്നല്ലാതെ മറ്റ് വിവരങ്ങളൊന്നും ഈ ട്രെയിനിനെക്കുറിച്ച് ആർക്കും അറിവുണ്ടായിരുന്നില്ല. ലണ്ടൻ ആസ്ഥാനമായുള്ള റഷ്യൻ അന്വേഷണ സംഘമായ ഡോസിയർ സെൻ്ററാണ് ട്രെയിനിനെക്കുറിച്ച കൂടുതൽ വിവരങ്ങളും ചിത്രങ്ങളും ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
610 കോടി രൂപയാണ് ഈ ആഡംബര ട്രെയിനിന്റെ നിർമ്മാണ ചെലവ്. വർഷം 130 കോടി രൂപ വെച്ച് മറ്റു ചെലവുകളും വരും. പുടിൻ്റെ സുരക്ഷാ ചുമതലയുള്ള ഫെഡറൽ സെക്യൂരിറ്റി സർവീസുമായി ഏകോപിപ്പിച്ചാണ് ട്രെയിനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. രാജ്യത്തെ നികുതിദായരാണ് ഈ ചെലവുകൾ വഹിക്കുന്നതെന്നും ഡോസിയർ സെന്റർ പറയുന്നു. ക്രെംലിൻ വിമർശകനായി നാടുകടത്തപ്പെട്ട മുൻ റഷ്യൻ വ്യവസായി മിഖായേൽ ഖോഡോർകോവ്സ്കിയുടെ പിന്തുണയുള്ള സ്ഥാപനമാണ് ഡോസിയർ സെൻ്റർ.
ട്രെയിനിൻ്റെ ബോഗികൾ കവചിതമാണ്. വാതിലുകളും ജനലുകളും ബുള്ളറ്റ് പ്രൂഫ് ആണ്. ജീവൻ രക്ഷാ മരുന്നുകളടക്കമുള്ള ആശുപത്രി സംവിധാനം ട്രെയിനിനകത്ത് ഉണ്ട്. ട്രെയിനിന്റെ സംരക്ഷിത ഭാഗങ്ങൾക്ക് എകെ-47 അല്ലെങ്കിൽ എസ് വി ഡി റൈഫിളിൽ നിന്നുള്ള ഷോട്ടുകൾ നേരിടാൻ കഴിയും. വണ്ടികളിൽ തീ തിരിച്ചുവിടാനുള്ള പഴുതുകളും ഉണ്ട്. ട്രെയിൻ പോകുന്നതും വരുന്നതുമായ സമയം ആർക്കും അറിയാനാവില്ല. കണ്ടാൽ സാധാരണ ട്രെയിൻ പോലെ തോന്നുന്നതിനാൽ ആരും ശ്രദ്ധിക്കാനും സാധ്യതയില്ല. മോസ്കോയിലെ പ്രസിഡൻ്റിൻ്റെ വസതിക്ക് സമീപം പ്രത്യേക റെയിൽവെ സ്റ്റേഷനുകളും നിർമ്മിച്ചതായി ഡോസിയർ സെൻ്റർ റിപ്പോർട്ടിൽ പറയുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ട്രെയിനിനകത്ത് അത്യാധുനിക സൗകര്യങ്ങളുള്ള സപോർട്സ് വാഗൺ, സ്പാ എന്നിവയും ഉണ്ട്. യുക്രെയ്ൻ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ് പ്രസിഡൻ്റിൻ്റെ ട്രെയിനിൽ അത്യാധുനിക ജിം വേണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പിന് അപേക്ഷ ലഭിക്കുന്നത്. യുദ്ധം നടക്കുന്ന സമയങ്ങളിൽ പോലും ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധ പ്രസിഡൻ്റിന്റെ ട്രെയിനിൽ ആഡംബര സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലായിരുന്നു എന്ന വിമർശനങ്ങൾ റിപ്പോർട്ട് പുറത്ത് വന്നതോടെ ഉയരുന്നുണ്ട്.
ചർമ്മത്തിന്റെ ദൃഢത വർദ്ധിപ്പിക്കുന്നതിനുള്ള റേഡിയോ ഫ്രീക്വൻസി മെഷീൻ ഉൾപ്പെടെയുള്ള ഉയർന്ന നിലവാരമുള്ള സൗന്ദര്യവർദ്ധക ഉപകരണങ്ങളും ഉണ്ടെന്ന് ഡോർസിയർ സെൻ്റർ പുറത്തുവിട്ട രേഖകളിൽ പറയുന്നു.
അതേസമയം റഷ്യൻ ഔദ്യോഗിക വൃത്തങ്ങൾ ഡോർസിയർ സെൻ്റർ പുറത്ത് വിട്ട റിപ്പോർട്ട് നിഷേധിച്ചു. ഇത്തരത്തിൽ ഒരു ട്രെയിൻ ഇല്ലെന്നും പുറത്തുവന്നത് കെട്ടുകഥയാണെന്നുമാണ് പുടിനോട് ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചത്.