കൊച്ചി: താലിബാന്‍ ഭീകരര്‍ ഭരണം പിടിച്ചത് അഫ്ഗാനിസ്ഥാനില്‍ ആണെങ്കിലും ഇവിടെ കൊച്ചിയില്‍ ഐ.എന്‍.എസ് വിക്രാന്തിന് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. താലിബാന്റെ തണലില്‍ ഭീകരസംഘടനകള്‍ ശക്തിയാര്‍ജിക്കാനും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വേരുകള്‍ താഴ്ത്താനുമുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ഇന്ത്യയുടെ അഭിമാന പദ്ധതിയായ വിക്രാന്തിന്റെ സുരക്ഷ കൂട്ടിയത്.
അതിനിടെ, കൊച്ചി കപ്പല്‍ശാലയും നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തും ബോംബുവച്ച് തകര്‍ക്കുമെന്ന ഭീഷണി സന്ദേശം സംബന്ധിച്ചു സൈബര്‍ ഡോമും സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചു. ഐപി വിലാസം കണ്ടെത്തി പിന്നില്‍ ആരെന്ന് കണ്ടെത്താനാണു ശ്രമം. ഹാക്കിംഗ് സാധ്യതയും അധികൃതര്‍ തള്ളിക്കളഞ്ഞിട്ടില്ല. കേന്ദ്ര ഏജന്‍സികളും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 24ന് കപ്പല്‍ശാലയിലെ അഞ്ച് ഉദ്യോഗസ്ഥരുടെ ഇ-മെയിലേക്കാണു ആദ്യ സന്ദേശമെത്തിയത്.
തുടര്‍ന്ന് ബോംബ് സ്‌ക്വോഡ്, ഡോഗ് സ്‌ക്വോഡ് അടക്കം കപ്പല്‍ശാലയിലും വിക്രാന്തിലും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.ഇതിനിടെ, വീണ്ടും സന്ദേശമെത്തിയതു പരിഭ്രാന്തി പരത്തി. ഒരാഴ്ചയായി കപ്പല്‍ശാലയില്‍ പോലീസ് സമഗ്രമായ പരിശോധനയും നിരീക്ഷണവും നടത്തി വരികയാണ്. വ്യാജ സന്ദേശമാണെന്നാണു പ്രാഥമിക വിലയിരുത്തല്‍. കപ്പല്‍ശാല അധികൃതര്‍ നല്‍കിയ പരാതിയില്‍ എറണാകുളം സൗത്ത് പോലീസ് ഐടി ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ട്. ഭീഷണി ഇംഗ്ലീലാണ്. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഐഎന്‍എസ് വിക്രാന്ത് സീ ട്രയല്‍സിന്റെ ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഇതിനിടെയാണു ഭീഷണി സന്ദേശം വന്നത്. പിന്നില്‍ ഭീകര ബന്ധമുണ്ടോ എന്നതടക്കം അന്വേഷണ പരിധിയിലുണ്ട്. രണ്ട് മാസം മുമ്പ് വ്യാജ രേഖകള്‍ ഉപയോഗിച്ചു കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്ന അഫ്ഗാന്‍ പൗരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭീകര ബന്ധം സ്ഥിരീകരിക്കാനായില്ലെങ്കിലും ഇയാള്‍ പാക്കിസ്ഥാനില്‍ ജോലി ചെയ്താതായി കണ്ടെത്തിയിരുന്നു.
2019ല്‍ ഐഎന്‍എസ് വിക്രാന്തിന്റെ പത്തിലധികം കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയിരുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതിന്റെ പശ്ചാത്തലത്തില്‍ രണ്ടാഴ്ച മുമ്പ് തന്നെ ഐഎന്‍എസ് വിക്രാന്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. സിഐഎസ്എഫിനാണ് കപ്പലിന്റെ പ്രധാന സുരക്ഷാ ചുതമല. ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.