InternationalNews

ഭൂചലനത്തിൽ പകച്ച് ഇന്തോനേഷ്യ; മരണം 162 ആയി, 2200 ലധികം വീടുകൾ തകർന്നു

സിയാൻജുർ (Cianjur): ഇന്തോനേഷ്യയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 162 ആയി. 700 ലധികം പേർക്ക് പരിക്കേറ്റു. വെസ്റ്റ് ജാവ പ്രവിശ്യയിലെ സിയാൻജുറിൽ ഉച്ചകഴിഞ്ഞാണ് വൻ ഭൂചലനം ഉണ്ടായത്. തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് 75 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സിയാൻജുറിലെ നഗരമാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. സംഭവത്തിൽ 162 പേർ മരണപ്പെട്ടുവെന്നും 700 ലധികം പേർക്ക് പരിക്കേറ്റുവെന്നും നിരവധി പേർ കുടുങ്ങിക്കിടക്കുകയാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും വെസ്റ്റ് ജാവ ഗവർണർ റിഡ്‍വാൻ കമിൽ വ്യക്തമാക്കി.

10 കിലോമീറ്റർ വ്യാപ്തിയിലാണ് ഭൂചലനം ഉണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നുവെന്ന് ഗവർണർ അറിയിച്ചു. രണ്ട് മണിക്കൂറിനുള്ളിൽ 25 തുടർചലനം അനുഭവപ്പെട്ടു. 2,200 ലധികം വീടുകൾ തകർന്നുവെന്നും 5,300 ൽ അധികം ആളുകളെ മാറ്റിപ്പാർപ്പിച്ചുവെന്നും ഇന്തോനേഷ്യയുടെ ദുരന്ത ലഘൂകരണ ഏജൻസിയായ ബിഎൻപിബി അറിയിച്ചു. 25 ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്ന് ബിഎൻപിബി അധികൃതർ അറിയിച്ചു. രാത്രിയിലും തെരച്ചിൽ തുടരാനാണ് ബിഎൻപിബിയുടെ തീരുമാനം.

Indonesia earthquake

ഭൂചലനത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണമടക്കം താറുമാറായ അവസ്ഥയാണ്. പരിക്കേറ്റവർ ചികിത്സയിലുള്ള ആശുപത്രികളിൽ വൈദ്യുതി വിതരണം തടസപ്പെട്ടതു ഡോക്ടർമാരെയടക്കം ബുദ്ധിമുട്ടിലാഴ്ത്തി. ട്രക്കുകളിലും ഇരുചക്രവാഹനങ്ങളിലുമായാണ് നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. വീടുകൾക്കു പുറമേ കടകൾ, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയവയും തകർന്നു. പരിക്കേറ്റവരെ ആശുപത്രിയുടെ പാർക്കിങ് ഭാഗത്തും എമർജൻസി ടെൻ്റിലും എത്തിച്ചാണ് ചികിത്സയ്ക്കു വിധേയമാക്കുന്നത്.

അതേസമയം ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രത്തിനു സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഇന്തോനേഷ്യൻ കാലാവസ്ഥാ കേന്ദ്രം നിർദേശം നൽകി. റിക്ടർ സ്കെയിലിൽ 1.8 മുതൽ നാലു വരെ തീവ്രത രേഖപ്പെടുത്തിയ തുടർചലനങ്ങളാണ് അനുഭവപ്പെട്ടിരിക്കുന്നത്. 2004 ൽ വടക്കൻ ഇന്തോനേഷ്യയിലെ സുമാത്രയിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സുനാമിയിലാണ് കലാശിച്ചത്. 14 രാജ്യങ്ങളിലെ 2,26,000 ആളുകൾക്കാണ് അന്ന് ജീവൻ നഷ്ടമായത്.



തുടർചലനത്തിൽ വീടിൻ്റെ ഭിത്തിയും അലമാരയുമടക്കം താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ചികിത്സയിൽ കഴിയുന്ന സ്ത്രീ പ്രാദേശിക മാധ്യമത്തോടു പ്രതികരിച്ചു. തൻ്റെ മാതാപിതാക്കൾക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും അവർ ആശങ്ക പങ്കുവെച്ചു. ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് കുലുക്കം അനുഭവപ്പെടുകയായിരുന്നുവെന്ന് 22 കാരനായ അഭിഭാഷകൻ പറഞ്ഞു.

പ്രകമ്പനം നല്ലതുപോലെ അനുഭവപ്പെട്ടു. ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. പ്രകമ്പനം പിന്നീട് ശക്തമാകുമായിരുന്നുവെന്നും തലകറക്കം അനുഭവപ്പെട്ടെന്നും അദ്ദേഹം വിശദമാക്കി. ഭൂചലനത്തിനു പിന്നാലെ നിരവധി പേർ വീടിനു പുറത്തേക്ക് ഇറങ്ങി ഓടി. കെട്ടിടാവശിഷ്ടങ്ങൾ തലയിൽ പതിക്കാതിരിക്കാനായി പലരും കട്ടിയുള്ള തൊപ്പിയടക്കം ധരിച്ചിരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker