KeralaNews

മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഇൻഡിഗോ

ന്യുഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഇൻഡിഗോ. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ആഭ്യന്തര സമിതി അന്വേഷിക്കും. എയർ ലൈൻ പ്രതിനിധിയും യാത്രക്കാരുടെ പ്രതിനിധിയും സമിതിയിലുണ്ടായിരിക്കും. ഇൻഡിഗോ വിമാനത്തിൽ ഇന്ന് പൊലീസ് പരിശോധന നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലുമായി പൊലീസ് മഹസ്സർ തയ്യാറാക്കുകയാണ്. അനിലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന്  വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. കേസിലെ ഗൂഢാലോചന ഉൾപ്പടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നൽകിയ നിർദ്ദേശം.

കേസിൽ ഒളിവിൽ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പൊലീസ് ലുക്കൗട്ട്  നോട്ടീസ് പുറപ്പെടുവിക്കും. അറസ്റ്റിലായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയും അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും. 

വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ കേന്ദ്രവും ഇടപെടുകയാണ്. വിഷയം പരിശോധിക്കുകയാണെന്നും നടപടിയുണ്ടാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അറിയിച്ചു.

വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എൽഡിഎഫ് കൺവീന‍ര്‍ ഇ. പി ജയരാജൻ മർദ്ദിച്ചുവെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി നടത്തിയ ട്വിറ്റർ പോസ്റ്റിനാണ് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയുടെ മറുപടി.രണ്ടു പേരെ വിമാനത്തിൽ മർദ്ദിച്ചിട്ട് ഇൻഡിഗോയും ഡിജിസിഎയും കേന്ദ്ര വ്യോമയാന മന്ത്രാലയവും വിഷയത്തിൽ നടപടി സ്വീകരിച്ചിട്ടില്ലെന്ന് എം. പി ട്വിറ്ററിൽ കുറിച്ചു. ഇ പി ജയരാജനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന് എം പി ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നുമാണ് കേന്ദ്ര മന്ത്രി  മറുപടി നൽകിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker