FeaturedHome-bannerNewsOtherSports

Paris 2024:പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ, മനു ഭാക്കറിന് വെങ്കലം

പാരീസ്: ഒളിമ്പിക്‌സ് രണ്ടാം ദിനം ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത.പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 10`മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ വെങ്കലമെഡല്‍ സ്വന്തമാക്കി. തുടക്കം മുതല്‍ മികച്ചു നിന്ന മനു മെഡല്‍ പൊസിഷനില്‍ നിന്ന് പുറത്താവാതെയാണ് മുന്നേറിയത്. ആദ്യ 14 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു താരം. പിന്നാലെ കൊറിയന്‍ താരത്തിന്റെ കടുത്ത വെല്ലുവിളി കടന്നാണ് താരം മെഡല്‍ നേടിയത്. ആദ്യ രണ്ട് സ്റ്റേജുകള്‍ക്ക് ശേഷം എലിമിനേഷന്‍ സ്റ്റേജും കടന്നാണ് താരം മെഡല്‍ നേടിയത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ മൂന്നാംസ്ഥാനത്തോടെയാണ് താരം ഫൈനലിന് യോഗ്യത നേടിയത്. ആറ് സീരീസുകള്‍ക്കൊടുവില്‍ 27 ഇന്നര്‍ 10 അടക്കം 580 പോയന്റ് നേടിയാണ് മനു ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ഇനത്തില്‍ രമിത ജിന്‍ഡാള്‍ ഫൈനലില്‍ കടന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഷൂട്ടിങ്ങില്‍ മെഡല്‍ റൗണ്ടിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമാണ് രമിത. 631.5 പോയന്റോടെയാണ് രമിതയുടെ ഫൈനല്‍ പ്രവേശനം.2004-ലെ ഏതന്‍സ് ഒളിമ്പിക്‌സില്‍ മെഡല്‍ റൗണ്ടിലെത്തിയ സുമ ഷിരൂരിന് ശേഷം ഒളിമ്പിക്‌സ് മെഡല്‍ റൗണ്ടില്‍ കടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതാ റൈഫിള്‍ ഷൂട്ടര്‍ കൂടിയാണ് രമിത. താരത്തിന്റെ പരിശീലക കൂടിയാണ് സുമ ഷിരൂര്‍ എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ഇളവേണില്‍ വാളറിവന്‍ ഫൈനല്‍ കാണാതെ പുറത്തായി. 630.7 പോയന്റ് നേടിയ ഇളവേണില്‍ പത്താം സ്ഥാനത്തായി.

ഒളിമ്പിക് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് വിജയത്തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മലദ്വീപിന്റെ ഫാത്തിമ നബാഹിനെതിരേ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു (21-9, 21-6) സിന്ധുവിന്റെ ജയം. വെറും 30 മിനിറ്റിനുള്ളില്‍ ഇന്ത്യന്‍ താരം ജയം സ്വന്തമാക്കി.

മനു ഭാക്കറെ മാറ്റിനിര്‍ത്തിയാല്‍ ഷൂട്ടിങ്റേഞ്ചില്‍ ഇന്ത്യന്‍ താരങ്ങളുടെ ആദ്യദിനത്തിലെ പ്രകടനം നിരാശപകരുന്നതാണ്. 10 മീറ്റര്‍ എയര്‍പിസ്റ്റള്‍ വിഭാഗത്തില്‍ മെഡല്‍പ്രതീക്ഷയുണ്ടായിരുന്ന റിഥം സ്വാങ്വാന് ഫൈനലില്‍ കടക്കാനായില്ല. പുരുഷവിഭാഗത്തില്‍ സരബ്ജോത് സിങ്ങും അര്‍ജൂന്‍ ചീമയും ഫൈനല്‍ കാണാതെ പുറത്തായി. 10 മീറ്റര്‍ എയര്‍റൈഫിള്‍ മിക്സഡ് വിഭാഗത്തില്‍ ഇന്ത്യന്‍ സഖ്യങ്ങളും ഫൈനലിലെത്തിയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker