ന്യൂഡൽഹി: ഖത്തർ, ഒമാൻ തുടങ്ങി 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെയോ ഓൺ അറൈവൽ വിസയിലോ യാത്ര ചെയ്യാം. അടുത്തിടെ ഹെൻലി പാസ്പോർട്ട് സൂചിക 2024 പുറത്തുവിട്ട കണക്കനുസരിച്ച് 62 രാജ്യങ്ങളിലേക്ക് ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് വിസയില്ലാതെ യാത്ര ചെയ്യാം എന്നാണ്. പട്ടികയിൽ 80ാം സ്ഥാനത്താണ് ഇന്ത്യ.
ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് വിസയില്ലാതെ സന്ദർശിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ ജമൈക്ക, മാലദ്വീപ് , ബുറുണ്ടി, ഭൂട്ടാൻ, ബൊളീവിയ, ജിബൂട്ടി, ഫിജി, ഹെയ്ത്തി, ഇന്തോനേഷ്യ, ഇറാൻ, ജോർഡൻ, കസാഖ്സ്താൻ, കെനിയ, മലേഷ്യ, നേപ്പാൾ, ശ്രീലങ്ക, തായ്‍ലൻഡ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളുമുണ്ട്.
ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പാസ്പോർട്ട് സൂചിക റാങ്കിങ്.ഈ വർഷത്തെ പട്ടികയിൽ, ആറ് രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ വിസയുടെ തലക്കെട്ട് പങ്കിട്ടു. ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നീ ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ 194 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.
വിസയില്ലാതെ വെറും 28 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള അഫ്ഗാനിസ്താനാണ് പട്ടികയിൽ ഏറ്റവും താഴെയുള്ളത്. 29 ലക്ഷ്യസ്ഥാനങ്ങളിലേക്ക് മാത്രം വിസ രഹിത പ്രവേശനമുള്ള സിറിയയാണ് തൊട്ടുപിന്നിൽ. ഇറാഖ് 31 ഉം പാകിസ്താൻൻ 34 ഉം സ്ഥാനങ്ങളിലാണ്.