ന്യൂഡല്‍ഹി: ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ന് രണ്ടു വിമാനങ്ങളിലായി നാട്ടിലെത്തിക്കും. ഇവരെ 14 ദിവസത്തെ നിരീക്ഷണത്തില്‍ വയ്ക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് പടര്‍ന്നതോടെ ദിവസങ്ങളായി ചൈനയിലെ വുഹാനിലും ഹ്യൂബേയിലും കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെയാണ് ഇന്ന് നാട്ടില്‍ എത്തിക്കുന്നത്. ആദ്യ സംഘം വൈകിട്ടോടെ വിമാനമാര്‍ഗം ഡല്‍ഹിയില്‍ എത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തുടര്‍ന്ന് 14 ദിവസം ഡല്‍ഹി എയിംസിലെ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നാണ് സൂചന.
അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതലയോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. ജനുവരി 15ന് ശേഷം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നവര്‍ അടിയന്തരമായി പരിശോധന നടത്തണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ പന്ത്രണ്ട് പേര്‍ മഹാരാഷ്ട്രയിലും അഞ്ച് പേര്‍ ഡല്‍ഹിയിലും രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.