
ഒട്ടാവ: ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാനഡയില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഹരിയാണ സ്വദേശിയായ ചിരാഗ് അന്തില്‍(24)നെയാണ് സൗത്ത് വാന്‍കൂവറില്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
പ്രദേശത്തുനിന്ന് വെടിയൊച്ച കേട്ടതോടെ സമീപവാസികളാണ് രാത്രി 11 മണിയോടെ പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി നടത്തിയ പരിശോധനയിലാണ് കാറിനുള്ളില്‍ വെടിയേറ്റനിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
2022-ലാണ് ചിരാഗ് കാനഡയിലെ വാന്‍കൂവറിലെത്തിയത്. അടുത്തിടെ കാനഡ വെസ്റ്റ് സര്‍വകലാശാലയില്‍നിന്ന് എം.ബി.എ. പൂര്‍ത്തിയാക്കിയ ചിരാഗിന് ഈയിടെ വര്‍ക്ക് പെര്‍മിറ്റും ലഭിച്ചിരുന്നു.
അതേസമയം, സംഭവദിവസം പോലും ചിരാഗുമായി ഫോണില്‍ സംസാരിച്ചിരുന്നതായി ഹരിയാണയിലുള്ള സഹോദരന് റോമിത് അന്തില്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. സന്തോഷവാനായാണ് ചിരാഗ് സംസാരിച്ചത്. ആരുമായോ തര്‍ക്കങ്ങളോ പ്രശ്നങ്ങളോ ഇല്ല. അവന് വളരെ സൗമ്യനായിരുന്നുവെന്നും സഹോദരന് പറഞ്ഞു.
ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മരണത്തില്‍ വിദേശകാര്യ മന്ത്രാലയം കുടുംബത്തിന് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കണമെന്ന് എന്‍.എസ്.യു. ദേശീയ പ്രസിഡന്റ് വരുണ്‍ ചൗധരിയും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. അന്വേഷണപുരോഗതി വിദേശകാര്യ മന്ത്രാലയം നിരീക്ഷിക്കണമെന്നും നീതി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.