NationalNews

കോടീശ്വരന്മാരുടെ ഇന്ത്യൻ പാർലമെന്റ്; ലോക്‌സഭയിൽ 93 ശതമാനം പേരും കോടിക്ക് മുകളിൽ ആസ്തിയുള്ളവർ

ന്യൂഡൽഹി: ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച 543 എംപിമാരില്‍ 504 പേരും കോടീശ്വരന്മാണെന്നാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍) പറയുന്നത്. അതായത് 93 ശതമാനം എംപിമാരും കോടികളുടെ ആസ്തിയുള്ളവര്‍. 2009 ല്‍ 543 പേര്‍ മത്സരിച്ചതില്‍ 315(58 ശതമാനം) പേരായിരുന്നു കോടീശ്വരന്മാര്‍.

2014ല്‍ 542 പേര്‍ മത്സരിച്ചതില്‍ കോടീശ്വരന്മാരുടെ എണ്ണം 443(82ശതമാനം) ആയി ഉയര്‍ന്നു. 2019 ല്‍ എത്തിയപ്പോള്‍ 539 പേര്‍ മത്സരിച്ചതില്‍ കോടീശ്വരന്മാരുടെ എണ്ണം 475 (88ശതമാനം) ആയി വീണ്ടും ഉയര്‍ന്നു. ഇത്തവണ 504(93 ശതമാനം) ആയി. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ഇന്ത്യന്‍ പാര്‍ലമെന്റ് കോടീശ്വരന്മാരുടെ ഇടമായി മാറി കൊണ്ടിരിക്കുകയാണ്.

പാർട്ടി തിരിച്ച് നോക്കുകയാണെങ്കിൽ ബിജെപിയില്‍ നിന്നാണ് ഇത്തവണ കൂടുതലും കോടീശ്വര എംപിമാര്‍. 240 ബിജെപി എംപിമാരുടെ ശരാശരി സ്വത്ത് 50.04 കോടിയാണെന്നാണ് എഡിആര്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ 99 എംപിമാരുടെ ശരാശരി ആസ്തി 22.93 കോടിയാണ്. 37 സമാജ്‌വാദി പാര്‍ട്ടി എംപിമാര്‍ക്ക് 15.24 കോടിയുടെ ശരാശരി ആസ്തിയുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 29 എംപിമാരുടെ ശരാശരി ആസ്തി 17.98 കോടിയാണ്. ടിഡിപിയില്‍ നിന്നു ജയിച്ച 16 പേരുടെ ശരാശരി ആസ്തി 442.26 കോടിയാണ്.

5785 കോടി രൂപയുടെ ആസ്തിയുള്ള പെമ്മസാനി ചന്ദ്രശേഖർ ആണ് കോടീശ്വര പട്ടികയിൽ ഒന്നാമത്. ആന്ധ്രപ്രദേശിലെ ഒരു എൻആർഐ ഡോക്ടർ ആയ പെമ്മസാനി ഗുണ്ടൂരിലെ ടിഡിപി സ്ഥാനാർഥിയായാണ് വിജയം നേടിയത്. സഭയിലെ കോടീശ്വരന്മാരില്‍ രണ്ടാം സ്ഥാനം തെലങ്കാനയില്‍ നിന്നുള്ള കൊണ്ട വിശ്വേശര്‍ റെഡ്ഡിയാണ്.

സത്യവാങ്മൂലത്തില്‍ പറഞ്ഞതു പ്രകാരം റെഡ്ഡിക്ക് 4,568 കോടിയുടെ ആസ്തിയുണ്ട്. പട്ടികയിലെ മൂന്നാം സ്ഥാനക്കാരന്‍ ബിജെപിയുടെ തന്നെ നവീന്‍ ജിന്‍ഡാലാണ്. ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്നു വിജയിച്ച ജിന്‍ഡാലിന് 1,241 കോടിയുടെ സ്വത്തുണ്ട്. ബിസിനസുകാരനായ നവീന്‍ ജിന്‍ഡാല്‍, തെരഞ്ഞെടുപ്പിനു മാസങ്ങള്‍ക്കു മുമ്പാണ് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button