ന്യുയോര്‍ക്ക്: ഇന്ത്യന്‍ വംശജയായ പതിനഞ്ചുകാരി ഗീതാഞ്ജലി റാവു ടൈം മാഗസിന്‍ 2020 ‘കിഡ് ഓഫ് ദി ഇയര്‍’. ആധുനികജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെ ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ചു പരിഹരിക്കാമെന്നു തെളിയിച്ചതിനാണു നേട്ടം. ടൈം മാസികയുടെ പരിഗണനയ്‌ക്കെത്തിയ 5,000 പേരില്‍ നിന്നാണ് ഇന്തോ-അമേരിക്കനായ ഗീതാഞ്ജലി റാവു തെരഞ്ഞെടുക്കപ്പെട്ടത്.
ടെയ്‌ലര്‍ ഗോര്‍ഡന്‍ (14), ജോര്‍ദാന്‍ റീവ്‌സ് (14), ബെല്ലെന്‍ വുഡാര്‍ഡ് (10) ഇയാന്‍ മക് കെന്ന (16) എന്നിവരാണ് ഫൈനല്‍ റൗണ്ടിലെത്തിയ മറ്റു കുട്ടികള്‍. ടൈമിനു വേണ്ടി അഭിനേത്രിയും ആക്ടിവിസ്റ്റുമായ ആഞ്ജലീന ജോളിയാണു ഗീതാഞ്ജലിയുമായി പ്രത്യേക അഭിമുഖം നടത്തിയത്. ലോകം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി യുവഗവേഷകര്‍ ഉള്‍പ്പെടുന്ന ആഗോള സമൂഹനിര്‍മാണമാണു ലക്ഷ്യമിടുന്നതെന്ന് ഗീതാഞ്ജലി റാവു അഭിമുഖത്തില്‍ വ്യക്തമാക്കി.
ദിവസേന ഒരു വ്യക്തിയുടെ മുഖത്തെങ്കിലും പുഞ്ചിരി വിടര്‍ത്തുക എന്നതാണു തന്റെ ലക്ഷ്യമെന്നും നാം ആയിരിക്കുന്നിടത്തു പോസിറ്റിവിറ്റി വരുത്താന്‍ ശ്രമിക്കണമെന്നും ഗീതാഞ്ജലി റാവു പറഞ്ഞു. എട്ടു മുതല്‍ 16 വയസു വരെയുള്ള കുട്ടികളില്‍നിന്നും ലഭിക്കുന്ന അപേക്ഷയില്‍ നിന്നുമാണു ടൈം മാഗസിന്‍ മികച്ച കുട്ടിയെ തെരഞ്ഞെടുക്കുന്നത്. മുന്‍പ് ഫോബ്‌സ് മാഗസിന്റെ 30 അണ്ടര്‍ 30 ഇന്നവേഷന്‍സ് പ്രോഗ്രാമിലും ഗീതാഞ്ജലി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.