ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ പാക് പ്രകോപനം. വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാകിസ്ഥാനില്‍ നിന്നുള്ള ഡ്രോണിന് നേരെ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തു. പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചതായി അതിര്‍ത്തിരക്ഷാ സേനയായ ബിഎസ്എഫ് അറിയിച്ചു.
ശനിയാഴ്ച ആര്‍എസ് പുര സെക്ടറിലാണ് സംഭവം. അര്‍നിയ മേഖലയിലാണ് പാകിസ്ഥാനില്‍ നിന്ന് അയച്ച ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. ഡ്രോണിന് നേരെ ബിഎസ്എഫ് ജവാന്മാര്‍ വെടിയുതിര്‍ത്തതോടെ, ഡ്രോണ്‍ പാകിസ്ഥാനിലേക്ക് തന്നെ തിരിച്ച് പോയതായി ബിഎസ്എഫ് വ്യക്തമാക്കി.
ഒരാഴ്ച മുന്‍പും സമാനമായ നിലയില്‍ നിയന്ത്രണരേഖയില്‍ ഡ്രോണിനെ പോലെയുള്ള വസ്തു ശ്രദ്ധയില്‍പ്പെട്ടിരുന്നു. കഴിഞ്ഞ മാസം പാകിസ്ഥാന്‍ സൈന്യത്തിന്റെ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചു വീഴ്ത്തിയിരുന്നു.