ഇന്ത്യൻ ഫുട്ബോൾ താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി,വധു റെസ ഫർഹത്ത്
കണ്ണൂർ: ഇന്ത്യൻ ഫുട്ബോൾ താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി. ബാഡ്മിന്റൻ താരം റെസ ഫർഹത്താണ് വധു. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. വിവാഹച്ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ രാഹുൽ കെ.പി, സച്ചിൻ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരങ്ങളായ സി.കെ. വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവരും വിവാഹത്തിനെത്തിയിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ സഹൽ ബ്ലാസ്റ്റേഴ്സിനായി കളിക്കില്ലെന്നാണു വിവരം. ഇന്ത്യന്‍ ഫുട്ബോൾ താരങ്ങള്‍ക്കായി ചെലവാക്കുന്ന ഏറ്റവും ഉയർന്ന തുകയ്ക്ക് സഹലിനെ കൊൽക്കത്ത വമ്പന്‍മാരായ മോഹന്‍ ബഹാന്‍ സൂപ്പർ ജയന്റ്സ് സ്വന്തമാക്കാനൊരുങ്ങുകയാണ്. സഹലിനുവേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ മറ്റൊരു ക്ലബ്ബും ശ്രമിച്ചിരുന്നെങ്കിലും, മോഹന്‍ബഗാൻ ഇക്കാര്യത്തിൽ വളരെയേറെ മുന്നേറിയതായി ഐഎഫ്ടിഡബ്ല്യുസി ട്വിറ്ററിൽ കുറിച്ചു.
സഹലിനായി വിദേശ ക്ലബ്ബുകളും ശ്രമം നടത്തിയെന്നാണു പുറത്തുവരുന്ന വിവരം. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കം പ്രമുഖർ കളിക്കുന്ന സൗദി പ്രോ ലീഗിലെ ഒരു ക്ലബ് സഹലിനു വേണ്ടി നീക്കം നടത്തിയിരുന്നു. എന്നാൽ ഈ ട്രാൻസ്ഫർ നടക്കാൻ സാധ്യത കുറവാണ്. 26 വയസ്സുകാരനായ സഹൽ 2017ലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ 90 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.