കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചു; ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു തുടങ്ങി
കാബൂള്‍: താലിബാന്‍ നിയന്ത്രണം ഏറ്റതിന് പിന്നാലെ കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചു. നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഉദ്യോഗസ്ഥരെ എംബസിയില്‍ നിന്നും ഒഴിപ്പിച്ചു തുടങ്ങി.
ഇവരെ നാട്ടിലെത്തിക്കാന്‍ വ്യോമസേന പ്രത്യേക വിമാനം കഴിഞ്ഞ ദിവസം കാബൂളിലേക്ക് അയച്ചിരുന്നു. 120 ഉദ്യോഗസ്ഥരെയാണ് നാട്ടിലേക്ക് എത്തിക്കേണ്ടത്. ഉദ്യോഗസ്ഥരെ എത്തിക്കാന്‍ പ്രതിസന്ധിയുണ്ടായതോടെ ഇന്ത്യ അമേരിക്കയുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. നിലവില്‍ കാബുള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം യുഎസ് സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. ഇതോടെയാണ് യുഎസ് സഹായം ഇന്ത്യ തേടിയത്.
എപ്പോള്‍ ഉദ്യോഗസ്ഥരെ ഡല്‍ഹിയില്‍ എത്തിക്കുമെന്ന കാര്യം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. അഫ്ഗാനിലെ സ്ഥിതിഗതികള്‍ ഇന്ത്യ നിരീക്ഷിച്ചുവരികയാണ്. എംബസിയിലെ ഉദ്യോഗസ്ഥരോട് പുറത്തിറങ്ങരുതെന്ന് നേരത്തെ താലിബാന്‍ ആവശ്യപ്പെട്ടിരുന്നു.