ന്യൂഡല്‍ഹി: സ്പിന്നര്‍മാരുടെ മാസ്മരിക പ്രകടനത്തില്‍ മൂന്ന് ദിവസം കൊണ്ട് അവസാനിപ്പിച്ച് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരവും സ്വന്തമാക്കി ഇന്ത്യ. ഓസ്‌ട്രേലിയ (263&113), ഇന്ത്യ (262%118/4), ആറുവിക്കറ്റിനാണ് ഇന്ത്യയുടെ ജയം.
115 റണ്‍സെന്ന ലക്ഷ്യത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. രണ്ട് ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റുകള്‍ കൊയ്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ വിജയശില്‍പി.
ആദ്യ ഇന്നിങ്‌സില്‍ 263 റണ്‍സെടുത്ത ഓസീസിന് രണ്ടാം ഇന്നിങ്‌സില്‍ അതിന്റെ പകുതി പോലും പിന്നീടനായില്ല. ആദ്യ ഇന്നിങ്‌സില്‍ ഒരു റണ്‍ ലീഡാണ് ഓസീസ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തോടെ 61 റണ്‍സിന് ഇന്നലെ അവസാനിപ്പിച്ച ബാറ്റിങ് മൂന്നാം ദിനം പുനരാരംഭിച്ച ഓസ്‌ട്രേലിയക്ക് 52 റണ്‍ കൂടി കൂട്ടിചേര്‍ക്കാനെ കഴിഞ്ഞു. അതിനിടെ ഒമ്പത് വിക്കറ്റും നഷ്ടമായി. ഏഴു വിക്കറ്റുകളാണ് രവീന്ദ്ര ജഡേജ കൊയ്തത്. മൂന്ന് വിക്കറ്റുകള്‍ അശ്വിനു സ്വന്തമാക്കി.
ജഡേജ സ്വന്തമാക്കിയ ഏഴ് വിക്കുറ്റുകളില്‍ അഞ്ചും ബൗള്‍ഡായിരുന്നു. 21 വര്‍ഷത്തിന് ശേഷമാണ് ഒരു സ്പിന്നര്‍ ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്. 1992ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അനില്‍ കുംബ്ലെയാണ് ഒരു ഇന്നിംഗ്സില്‍ ഒരു സ്പിന്നര്‍ അവസാനമായി അഞ്ച് ബൗള്‍ഡ് പുറത്താക്കലുകള്‍ നേടിയത്.
ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുകളും കൊയ്ത ജഡേജ രണ്ടാം ടെസ്റ്റില്‍ മൊത്തം പത്ത് വിക്കറ്റുകള്‍ സ്വന്തമാക്കി. ചേതശ്വര്‍ പുജാര(31)യും ശിഖര്‍ ഭാരതും (23) രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (31), കെ.എല്‍.രാഹുല്‍ (ഒന്ന്), വിരാട് കോലി (20), ശ്രേയസ് അയ്യര്‍ (12) എന്നിവരാണ് പുറത്തായത്.
രണ്ട് ടെസ്റ്റും ജയിച്ചതോടെ ഇന്ത്യ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയും നിലനിര്‍ത്തി. ശേഷിക്കുന്ന രണ്ട് ടെസ്റ്റും ഓസീസ് ജയിച്ചാല്‍ പോലും പരമ്പര സമനിലയിലാകും. അപ്പോഴും നിലവിലെ ജേതാക്കളെന്ന നിലയില്‍ ഇന്ത്യ ട്രോഫി നിലനിര്‍ത്തും.