ഷമ്മി ഹീറോയാണ്!ഇന്ത്യയ്ക്ക് ജയം,നേരിയ പ്രതീക്ഷകൾ ബാക്കി
അബുദാബി: ഈ വർഷത്തെ ട്വന്റി 20 ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ. അഫ്ഗാനിസ്താനെ 66 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റുമായി തിളങ്ങി.ജയിച്ചെങ്കിലും സെമിയിലെത്താൻ ഇന്ത്യയ്ക്ക് നേരിയ സാധ്യത മാത്രമാണുള്ളത്. അതും അഫ്ഗാൻ, ന്യൂസീലൻഡ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും.
22 പന്തിൽ നിന്ന് രണ്ടു സിക്സും മൂന്നു ഫോറുമായി 42 റൺസോടെ പുറത്താകാതെ നിന്ന കരീം ജന്നത്താണ് അഫ്ഗാന്റെ ടോപ് സ്കോറർ.വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. സ്കോർ 13-ൽ നിൽക്കേ മുഹമ്മദ് ഷഹ്സാദിനെ (0) മുഹമ്മദ് ഷമിയും ഹസ്റത്തുള്ള സസായിയെ (13) ജസ്പ്രീത് ബുംറയും പുറത്താക്കി.
തുടർന്ന് റഹ്മാനുള്ള ഗുർബാസും ഗുൽബാദിൻ നയ്ബും ചേർന്ന് ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചെങ്കിലും ഏഴാം ഓവറിൽ ഗുർബാസിനെ (19) രവീന്ദ്ര ജഡേജയുടെ പന്തിൽ ഹാർദിക് പാണ്ഡ്യ മികച്ചൊരു ക്യാച്ചിലൂടെ മടക്കി.
പിന്നാലെ ഗുൽബാദിൻ നയ്ബിനെ (18) അശ്വിൻ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ അഫ്ഗാന്റെ റൺറേറ്റ് താഴ്ന്നു. 12-ാം ഓവറിൽ നജിബുള്ള സദ്രാനെയും (11) മടക്കി അശ്വിൻ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. നാല് ഓവറിൽ വെറും 14 റൺസ് മാത്രം വഴങ്ങിയാണ് അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തിയത്.
തുടർന്ന് ക്രീസിൽ ഒന്നിച്ച മുഹമ്മദ് നബി – കരീം ജന്നത്ത് സഖ്യമാണ് അഫ്ഗാൻ സ്കോർ 100 കടത്തിയത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 57 റൺസ് കൂട്ടിച്ചേർത്തു.32 പന്തിൽ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 35 റൺസെടുത്ത മുഹമ്മദ് നബിയെ പുറത്താക്കി ഷമിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
നേരത്തെ അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തിരുന്നു. ഈ ലോകകപ്പിൽ ഇതുവരെ ഒരു ടീം നേടിയ ഉയർന്ന സ്കോറാണിത്.
രോഹിത് ശർമ – കെ.എൽ രാഹുൽ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. അർധ സെഞ്ചുറി നേടിയ ഇരുവരും ഓപ്പണിങ് വിക്കറ്റിൽ 14.4 ഓവറിൽ 140 റൺസ് ചേർത്ത ശേഷമാണ് പിരിഞ്ഞത്.47 പന്തിൽ നിന്ന് മൂന്ന് സിക്സും എട്ടു ഫോറുമടക്കം 74 റൺസെടുത്ത രോഹിത്തിനെ പുറത്താക്കി കരീം ജന്നത്താണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ 17-ാം ഓവറിൽ രാഹുലും മടങ്ങി. 48 പന്തിൽ നിന്ന് രണ്ടു സിക്സും ആറു ഫോറുമടക്കം 69 റൺസെടുത്താണ് രാഹുൽ പുറത്തായത്.തുടർന്ന് ക്രീസിൽ ഒന്നിച്ച ഋഷഭ് പന്തും ഹാർദിക് പാണ്ഡ്യയും തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ 200 കടന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും വെറും 22 പന്തിൽ നിന്ന് 63 റൺസ് ഇന്ത്യൻ സ്കോറിലേക്ക് ചേർത്തു.
ഋഷഭ് 13 പന്തുകൾ നേരിട്ട് മൂന്ന് സിക്സും ഒരു ഫോറുമടക്കം 27 റൺസെടുത്തു. 13 പന്തുകൾ നേരിട്ട പാണ്ഡ്യ രണ്ട് സിക്സും നാലു ഫോറുമടക്കം 35 റൺസോടെ പുറത്താകാതെ നിന്നു.നേരത്തെ ടോസ് നേടിയ അഫ്ഗാനിസ്താൻ ക്യാപ്റ്റൻ മുഹമ്മദ് നബി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.